കോട്ടയം: വന്ദേഭാരത് ട്രെയിൻ യാത്രയ്ക്കിടെ ദമ്പതികളോട് മതസ്പര്‍ധയോടെ സംസാരിച്ചെന്ന പരാതിയിൽ കോട്ടയം സ്വദേശിയെ തൃശൂരിൽ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം സ്വദേശി ആനന്ദ് മാത്യുവാ(54)ണ് തൃശൂർ സ്റ്റേഷനിൽ റെയിൽവേ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസമാണ് സംഭവം. കാസര്‍കോടേക്ക് പോകുന്ന വന്ദേഭാരത് ട്രെയിനിൽ കണ്ണൂരിലേക്കു പോകുകയായിരുന്ന വിഴിഞ്ഞം സ്വദേശികളായ ദമ്പതികൾക്കു നേരെയായിരുന്നു വിദ്വേഷമുണ്ടാക്കുന്ന വിധത്തിൽ മതസ്പര്‍ധയോടെ ഇയാൾ സംസാരിച്ചത്. വന്ദേഭാരതിനെ എതിർത്തവർ വന്ദേഭാരതിൽ ഇപ്പോൾ കയറി തുടങ്ങിയോ എന്നാണു ഇയാൾ ചോദിച്ചത്. ട്രെയിൻ തൃശൂരിൽ എത്തിയപ്പോൾ ദമ്പതികളുടെ പരാതിയിൽ തൃശൂർ റെയിൽവേ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കണ്ണൂരിൽ ട്രെയിനിറങ്ങിയ ശേഷം ദമ്പതികൾ രേഖാമൂലം പോലീസിൽ പരാതി നൽകി. ബ്രിട്ടനിൽ നഴ്സാണ് ആനന്ദ് മാത്യു.