ഏറ്റുമാനൂർ: കശ്മീർ കാണണമെന്ന ആഗ്രഹം ഏറ്റുമാനൂർ ചെറുവാണ്ടൂർ സ്വദേശിനി പുത്തേട്ട് ജലജയെ എത്തിച്ചത് സാഹസിക യാത്രയുടെ ആവേശത്തിൽ. ഇന്ത്യയുടെ കാണാകാഴ്ചകൾ തേടി വ്യത്യസ്തമായ ഒരു ലോറി യാത്രയുമായി ധാരാളം ആരാധകരുള്ള യൂട്യൂബറും കോട്ടയത്തിന്റെ സൂപ്പർ വുമൺ താരമായി മാറിയിരിക്കുകയാണ് പുത്തേട്ട് പി.എസ്.രതീഷിന്റെ ഭാര്യ ജലജ രതീഷ്. നാഷണൽ പെർമിറ്റ് ലോറിയിൽ ലോഡുമായി 23 ദിവസം നീണ്ട യാത്രയാണ് ജലജ ഭർത്താവ് രതീഷിനോപ്പം ആദ്യം ലോറി ഓടിച്ചു നടത്തിയത്. ലോറി ട്രാൻസ്പോർട്ട് ഉടമയായ രതീഷിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് ലോറി. ഇരുവരും ഒരുമിച്ചാണ് ശ്രീനഗർ വരെ ലോഡുമായി പോയത്. ദീർഘദൂര യാത്രകളും ദീർഘദൂര ഡ്രൈവിങ്ങും ജലജക്ക് ഹരമാണ്. യാത്രയിൽ ക്ഷീണം തോന്നുമ്പോൾ മാത്രമാണ് ലോറിയുടെ സ്റ്റിയറിങ് ഭർത്താവിനു കൈമാറുന്നത്. ഈ ട്രിപ്പിന് മുൻപ് മുംബയിലേക്കും ഇരുവരും ഒരുമിച്ചു ലോഡുമായി പോയിട്ടുണ്ട്. ഇന്ത്യയുടെ കാണാക്കാഴ്ചകൾ സമ്മാനിച്ച വിസ്മയ നിമിഷങ്ങൾ ഒപ്പിയെടുത്തു വിവരണങ്ങളുൾപ്പടെ യുട്യൂബിൽ പങ്കുവെച്ചതോടെ യാത്രാ വിവരങ്ങൾ ഹിറ്റായി, ഇപ്പോൾ പുത്തേട്ട് ട്രാവൽ വ്ലോഗിന് യാത്രകളെ സ്നേഹിക്കുന്ന നിരവധി ആരാധകരാണുള്ളത്. ദേവികയും ഗോപികയുമാണ് മക്കൾ.
അമ്മയുടെ പാത പിന്തുടർന്ന് മകൾ ദേവികയും 20–ാം വയസ്സിൽത്തന്നെ ഹെവി ലൈസൻസ് എടുത്തു. ഇരുവരുടെയും യാത്രകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. യുട്യൂബിൽ ലോറിയോടിച്ചു വൈറലായ അമ്മയും മകളും ആണ് കോട്ടയത്തിന്റെ ഈ സൂപ്പർ വുമണും മകളും. ലോറിയിൽ തുടങ്ങിയ യാത്ര, യാത്രകളോടും കാണാ കാഴ്ചകളോടുമുള്ള സ്നേഹം ഇപ്പോഴിതാ ഇവർ കാരവനും സ്വന്തമാക്കിയിരിക്കുകയാണ്. മുണ്ടക്കയം കോരുത്തോട് സ്വദേശിനിയായ ജലജ പുത്തേട്ട് രതീഷിന്റെ കൈപിടിച്ചെത്തുമ്പോൾ രതീഷ് ലോറി ഡ്രൈവറായിരുന്നു. ലോറിയിൽ ചരക്കുകളുടെ മറ്റു സംസ്ഥാനങ്ങളിൽ എത്തിക്കുകയായിരുന്നു. പിന്നീട് രതീഷും സഹോദരനും ചേർന്ന് ബാങ്ക് വായ്പ എടുത്തു ഒരു ലോറി വാങ്ങി. പിന്നീട് ചരിത്രം കുറിക്കുന്ന വളർച്ചയായിരുന്നു പുത്തേട്ട് ട്രാൻസ്പോർട്ടിന്. യാത്രകളിൽ ഡ്രൈവറായി ജലജയും ഒപ്പം കൂടിയതോടെ പുത്തേട്ട് ട്രാവൽ വ്ലോഗും എത്തി. ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 27 ട്രക്കുകൾ പുത്തേട്ട് ട്രാൻസ്പോർട്ടിന്റേതായി സർവ്വീസ് നടത്തുന്നുണ്ട്.ആദ്യം ലോറി വാങ്ങിയപ്പോള്‍ ഭർത്താവിന് കൂട്ട് പോയി തുടങ്ങിയ ജലജ ഇപ്പോള്‍ തനിയെ ലോഡുമായി ഇന്ത്യയൊട്ടാകെ സഞ്ചരിക്കാറുണ്ട്. 2022 ഫെബ്രുവരി രണ്ടിന് തുടങ്ങിയ ജലജയുടെ യാത്ര ഇന്ന് 22 സംസ്ഥാനങ്ങളും ലഡാക്ക് ഉൾപ്പെടെയുള്ള കേന്ദ്രഭരണ പ്രദേശങ്ങളും അയൽരാജ്യങ്ങളായ നേപ്പാളും ഭൂട്ടാനും എല്ലാം ഓടിയെത്തിയ സ്ഥലങ്ങളാണ്. എത്ര ദൂരമായാലും യാത്രകൾ മടുപ്പില്ലാതെ ഒരേ ഊർജ്ജത്തോടെ പോകുന്നതിനാൽ ക്ഷീണമെന്നോ തളർച്ചയെന്നോ ഒരു വാക്ക് ഇവർക്ക് മുന്പിലില്ല. 5.4 ലക്ഷം സബ്സ്ക്രൈബർമാരാണ് ഇവരുടെ യാത്രകളെ സ്നേഹിച്ചു പൂർണ്ണ പിന്തുണയുമായി യുട്യൂബിൽ ഒപ്പമുള്ളത്. ജലജ വണ്ടി ഓടിച്ചു തുടങ്ങിയതോടെയാണ് അനുജൻ രാജേഷിന്റെ ഭാര്യ സൂര്യ ഹെവി ലൈസൻസ് എടുത്തത്. ഇപ്പോൾ പുത്തേട്ട് കുടുംബത്തിലെ 3 വനിതകളാണ് ട്രാക്കിന്റെ വലയം പിടിക്കുന്നത്. 14 ചക്രങ്ങളുള്ള ട്രക്ക് ഇവർ മൂവരും അനായാസം കൈകാര്യം ചെയ്യും. ലോഡുമായി ഇതിനോടകം തന്നെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും യാത്ര നടത്തി. ഇനി പത്തിൽ താഴെ സംസ്ഥാനങ്ങൾ മാത്രമാണ് ഇവർ എത്താൻ ബാക്കിയുള്ളത്. ലോറിയിൽ കിടക്കാനും വിശ്രമിക്കാനുമുള്ള സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. പോകുന്ന വഴിയിലാണ് ഭക്ഷണം പാകം ചെയ്തു കഴിക്കുന്നത്. പ്രതിബന്ധങ്ങളെ തരണം ചെയ്തു കഷ്ടപ്പാടിലൂടെ നേടിയെടുത്ത വിജയങ്ങളാണ് ഇവരുടേത്. ഈ വിജയങ്ങൾക്കും സന്തോഷങ്ങൾക്കും മധുരം കൂടും.