കോട്ടയം: കോട്ടയത്ത് വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും കരുതലൊരുക്കി 108 ആംബുലൻസ് ജീവനക്കാർ. കോട്ടയം പുതുപ്പള്ളിയിൽ റബർ ബോർഡ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന തമിഴ്‌നാട് സ്വദേശിയായ സുബ്രഹ്മണ്യന്റെ ഭാര്യ മഹാലക്ഷ്മി(24) ആണ് കഴിഞ്ഞ ഞായർ രാത്രി പന്ത്രണ്ടോടെ വീട്ടിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. പ്രസവവേദന അനുഭവപ്പെട്ടതോടെ ആശുപത്രിയിലേക്ക് പുറപ്പെടാനൊരുങ്ങുന്നതിനിടെയാണ് മഹാലക്ഷ്മി ആൺകുഞ്ഞിന് ജന്മം നൽകിയത്. ഇതോടെ ഭർത്താവ് കനിവ് 108 ആംബുലൻസിന്റെ സേവനം തേടുകയായിരുന്നു. സന്ദേശം ലഭിച്ചയുടനെ തന്നെ ആംബുലൻസ് പൈലറ്റ് ജിജോമോൻ ജോസഫ്, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ എം കെ അനിലമോൾ എന്നിവർ സ്ഥലത്തെത്തി പ്രഥമശുശ്രൂഷ നൽകി. അമ്മയും കുഞ്ഞുമായുള്ള പൊക്കിൾക്കൊടി ബന്ധം വേർപ്പെടുത്തിയ ശേഷം ഉടനെ തന്നെ കോട്ടയം ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അമ്മയും കുഞ്ഞും പൂർണ്ണ ആരോഗ്യത്തോടെ സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.