ശക്തി കൂടിയ ന്യൂനമർദ്ദവും ഇരട്ട ചക്രവാതചുഴിയും ന്യൂനമർദ്ദപാത്തിയും: സംസ്ഥാനത്ത് തോരാ മഴ തുടരും.


കോട്ടയം: ശക്തി കൂടിയ ന്യൂനമർദ്ദവും ഇരട്ട ചക്രവാതചുഴിയും ന്യൂനമർദ്ദപാത്തിയും നിലനിൽക്കുന്നതിന്റെ ഫലമായി സംസ്ഥാനത്ത് മഴ വീണ്ടും ശക്തമായേക്കുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

 മധ്യ കിഴക്കൻ അറബിക്കടലിൽ മഹാരാഷ്ട്ര തീരത്തിന് സമീപം ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നതായും പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചാരിച്ചു ഒക്ടോബർ 13 രാവിലെയോടെ മധ്യ അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഹാരാഷ്ട്ര തീരത്തെ മധ്യ കിഴക്കൻ അറബിക്കടൽ മുതൽ തെക്കൻ കേരള തീരത്തിനു സമീപം തെക്ക് കിഴക്കൻ അറബിക്കടൽ വരെ ന്യൂനമർദ്ദപാത്തി സ്ഥിതിചെയ്യുന്നു. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് തീരത്തിനു സമീപം ചക്രവാതചുഴിയും സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മറ്റൊരു ചക്രവാതചുഴി തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ മധ്യ ഭാഗത്തായി രൂപപ്പെട്ടിരിക്കുന്നതായും ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത ഒരാഴ്ച വ്യാപകമായി നേരിയ/ഇടത്തരം മഴക്കു സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.