കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ അയൽവാസികളായ സ്ത്രീകളെ മർദിച്ച കേസിൽ പോലീസ് അറസ്റ്റ് ചെയ്ത യുവാവ് ജനറൽ ആശുപത്രി മെഡിക്കൽ വാർഡ് കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി. പിനീട് അഗ്നിരക്ഷാ സേനയെത്തി കീഴ്‌പ്പെടുത്തി.
അയൽവാസികളായ രണ്ട് സ്ത്രീകളെ മർദ്ദിച്ച കേസിൽ പൊൻകുന്നം പൊലീസ് കസ്റ്റഡിയിലെടുത്ത കത്തലാങ്കൽപ്പടി സ്വദേശി ഇഞ്ചക്കാട് ജ്യോതിഷ് കുമാറാണ് ആശുപത്രി കെട്ടിടത്തിന് മുകളിൽ കയറി ആളുകളെ ഭീതിയിലാഴ്ത്തിയത്. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. സ്ത്രീകളെ മർദിച്ചതിന് നാട്ടുകാർ ചേർന്ന് ഇയാളെ പിടികൂടി പോലീസിൽ ഏൽപിക്കുകയായിരുന്നു. തുടർന്ന് പൊൻകുന്നം പോലീസ് വൈദ്യപരിശോധനയ്ക്കായി ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇതിനു ശേഷം പോലീസ് സ്റ്റേഷനിൽ എത്തിച്ചു മൊഴി എടുക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുന്നതായി പറഞ്ഞതോടെ ഇയാളെ വീണ്ടും പൊൻകുന്നം പോലീസ് ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇതിനിടെ പോലീസിന്റെ കണ്ണുവെട്ടിച്ച് ഇയാൾ കെട്ടിടത്തിന് സമീപം ഇരുന്ന ഗോവണി വഴി മുകളിൽ കയറിയത്. പരാതി വ്യാജമാണെന്നും തന്നെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്നും ഇയാൾ പറഞ്ഞു. താഴെയിറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ കൂട്ടാക്കിയില്ല. ഫോൺ ആവശ്യപ്പെട്ടു ഗോവണി വഴി പകുതി താഴത്ത് എത്തിയപ്പോൾ ഫോൺ നൽകാനെന്ന രീതിയിൽ കയറിയ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു.