കോട്ടയം: പ്രധാനമന്ത്രി ഗ്രാമസടക് യോജന (പി എം ജി എസ് വൈ) പദ്ധതിയിൽ ഉൾപ്പെടുത്തി പുത്തൂർ കടവ് പാലത്തിന്റെ നിർമ്മാണത്തിന് 8.41 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി എം പി ആന്റോ ആന്റണി പറഞ്ഞു.
മണിമലയാറിന് കുറുകെ വെള്ളാവൂർ കോട്ടാങ്ങൽ എന്നീ ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പുത്തൂർ കടവ് പാലം 104 മീറ്റർ നീളത്തിലും 8.41 മീറ്റർ വീതിയിലുമാണ് നിർമ്മിക്കുന്നത്. പി എം ജി എസ് വൈ പദ്ധതിയിൽ ഉൾപ്പെടുത്തി 12.84 കോടി രൂപ അനുവദിച്ച് പ്ലാക്കൽ പടി-വെള്ളാവൂർ-പുത്തൂർക്കടവ് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരികയാണ് എന്ന് എം പി പറഞ്ഞു.
6.6 കിലോ മീറ്ററാണ് ഈ പദ്ധതിയിലൂടെ യഥാർഥ്യമാക്കുന്നത്. ഈ പദ്ധതി പൂർത്തീകരിച്ച് അഞ്ചുവർഷക്കാലയളവിനുള്ളിൽ റോഡിന് വരുന്ന എല്ലാ അറ്റകുറ്റപ്പണികളും പദ്ധതി ഏറ്റെടുത്ത കരാറുകാരൻ തന്നെ ചെയ്തുതീർക്കണം എന്നത് ഈ പദ്ധതിയുടെ പ്രത്യേകതയാണ്. ഈ റോഡിന്റെ ഭരണാനുമതിക്കായി എസ്റ്റിമേറ്റ് സമർപ്പിച്ചപ്പോൾ തന്നെ പാലത്തിന്റെ എസ്റ്റിമേറ്റും സമർപ്പിച്ചിരുന്നതാണ് എന്നും എന്നാൽ ഇപ്പോഴാണ് പാലം നിർമ്മാണത്തിനുള്ള ഭരണാനുമതി ലഭിച്ചത് എന്നും എം പി പറഞ്ഞു. ഉടൻ തന്നെ ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും ആന്റോ ആന്റണി എം പി പറഞ്ഞു.