ഈരാറ്റുപേട്ട മൂന്നിലവ് കടപുഴ വെള്ളച്ചാട്ടത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ കൊല്ലം സ്വദേശിയായ വിദ്യാർത്ഥി മുങ്ങി മരിച്ചു.


ഈരാറ്റുപേട്ട: ഈരാറ്റുപേട്ട മൂന്നിലവ് കടപുഴ വെള്ളച്ചാട്ടത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ കൊല്ലം സ്വദേശിയായ വിദ്യാർത്ഥി മുങ്ങി മരിച്ചു. കൊല്ലം ശൂരനാട് സ്വദേശിയായ ഹാരിസിന്റെ മകന്‍ ഹാറൂൺ (18) ആണ് മരിച്ചത്.

 

 ഹാറൂൺ ഉൾപ്പടെ കോളേജ് വിദ്യാർത്ഥികളായ 7 പേരടങ്ങുന്ന വിദ്യാർത്ഥികളുടെ സംഘം ബുധനാഴ്ച ഉച്ചയോടെ ആണ് മൂന്നിലവ് കടപുഴ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയത്. കുളിക്കുന്നതിനിടെ ഹാറൂൺ വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു. ഹാറൂൺ മുങ്ങിത്താഴുന്ന കണ്ടു ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വിവരമറിഞ്ഞ നാട്ടുകാർ പോലീസിൽ വിവരമറിയിച്ചു. തുടർന്ന് ഈരാറ്റുപേട്ടയിൽ നിന്നും അഗ്നിരക്ഷാ സേനയും ടീം നന്മക്കൂട്ടം, ടീം എമര്‍ജന്‍സി കേരള സംഘങ്ങളും സംയുകതമായി നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പാലാ ജനറലാശുപത്രിയിലേയ്ക്ക് മാറ്റി.തിരുവനന്തപുരം രാജധാനി എൻജിനീയറിങ് കോളേജ് വിദ്യാർത്ഥിയാണ് ഹാറൂൺ.