വിവാഹ ശേഷം ഒരുമിച്ചുണ്ടായിരുന്നത് 3 മാസം മാത്രം, ഒൻപത് മാസങ്ങൾക്ക് മുൻപ് പ്രിയതമനൊപ്പം കൈപിടിച്ചു കയറിയ വീട്ടിൽ ചേതനയറ്റ ശരീരമായി അവസാന യാത്ര പറയാനെത്


കോട്ടയം: ഒൻപത് മാസങ്ങൾക്ക് മുൻപ് പ്രിയതമനൊപ്പം കൈപിടിച്ചു കയറിയ വീട്ടിൽ ചേതനയറ്റ ശരീരമായി അവസാന യാത്ര പറയാനെത്തി എയ്ഞ്ചല. കണ്ടു നിന്നവരുടെ നെഞ്ചു തകർത്താണ് എയ്ഞ്ചല അവസാന യാത്ര പറയാൻ ചിങ്ങവനം പരുത്തുംപാറയിലെ വീട്ടിലെത്തിയത്. കാഞ്ഞങ്ങാട് റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടിയുണ്ടായ അപാകടത്തിലാണ് ചിങ്ങവനം പരുത്തുംപാറ മങ്ങാട്ട്​ റോബർട്ട്​ കുര്യാക്കോസിന്‍റെ ഭാര്യ ഏയ്ഞ്ചൽ റോബർട്ട്(26) മരിച്ചത്.

 

 ഒൻപത് മാസങ്ങൾക്ക് മുൻപ് കഴിഞ്ഞ ഡിസംബറിലായിരുന്നു എയ്ഞ്ചലയുടെയും റോബർട്ടിന്റെയും വിവാഹം. യു കെ യിൽ എൻജിനീയറായി ജോലി ചെയ്യുകയായിരുന്നു റോബർട്ട്. പാലക്കാട് നേഴ്‌സായി ജോലി ചെയ്യുകയായിരുന്നു എയ്ഞ്ചല. വിവാഹ ശേഷം 3 മാസം മാത്രമാണ് ഇരുവരും ഒരുമിച്ചുണ്ടായിരുന്നത്. അപകട വാർത്തയറിഞ്ഞു നാട്ടിലെത്തിയ റോബർട്ട് നെഞ്ചു തകർന്നു നിലവിളിച്ചാണ് തന്റെ പ്രിയതമയെ അവസാനമായി കണ്ടത്. ഭർത്താവിനൊപ്പം യു കെ യ്ക്ക് പോകാനായി തയ്യാറെടുക്കുന്നതിനിടെയാണ് എയ്ഞ്ചലയെ മരണം കവർന്നെടുത്തത്. മൃതദേഹം എംബാം ചെയ്‌ത്‌ പെട്ടിയിലാക്കിയാണ്‌  കൊണ്ടു വന്നത്‌. പെട്ടിയ്‌ക്ക്‌ മുകളിലായി എയ്‌ഞ്ചലയുടെ ചിത്രം പതിച്ചിരുന്നു. ഈ ചിത്രത്തിൽ കണ്ണുനട്ട് വിതുമ്പുകയായിരുന്നു റോബർട്ട്. തുരുത്തിക്കാട് പയ്യനാട്ട് (എബ്രഹാം) കുഞ്ഞവറാച്ചന്റെയും, വെണ്ണിക്കുളം കൈതാരത്ത് ജൈനമ്മയുടെയും മകളാണ് ഏഞ്ചൽ. പാലക്കാട്ട്​ നഴ്​സായി ജോലി ​ചെയ്തിരുന്ന എയ്ഞ്ചൽ വിവാഹത്തിനായി നാട്ടിലെത്തിയതാണ്​. ഇവരുടെ ബന്ധുവായ ജെയിംസിന്‍റെ മൂത്ത മകന്‍റെ ഭാര്യയുടെ അനിയത്തിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു. വിവാഹച്ചടങ്ങിൽ പങ്കെടുത്തശേഷം കോട്ടയത്തേയ്ക്കു മടങ്ങുന്നതിനായി റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ശനിയാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് അപകടം ഉണ്ടായത്. ചിങ്ങവനം സെന്റ്‌ ജോൺസ്‌ ദയറാ പള്ളിയിൽ എയ്‌ഞ്ചലയുടെ സംസ്കാരം നടത്തി. ക്നാനായ സമുദായ മെത്രാപ്പൊലീത്ത ആർച്ച് ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ് കാർമികത്വം വഹിച്ചു.