തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും എംപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. രോഗിയുമായി സമ്പർക്കത്തിൽ വന്നവരുടെ സമ്പർക്ക പട്ടിക തയ്യാറാക്കി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായിട്ടുണ്ട്.
രോഗലക്ഷണങ്ങൾ പ്രകടമായതിന് ശേഷമാണ് പ്രധാനമായും രോഗം പകരുന്നത്. അതിനാൽ രോഗലക്ഷണങ്ങളുണ്ടായാൽ അത് മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ വളരെയേറെ ശ്രദ്ധിക്കണം. വിദേശ രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടായാൽ ചികിത്സ തേടുകയും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കുകയും വേണം. എല്ലാ ജില്ലകളിലും ഐസൊലേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കൂടുതൽ കേസുകളുടെ സാധ്യത മുന്നിൽ കണ്ട് എല്ലാ ജില്ലകളിലും കൂടുതൽ ഐസൊലേഷൻ സൗകര്യങ്ങളൊരുക്കാൻ മന്ത്രി നിർദേശം നൽകി. എയർപോർട്ടുകളിലുൾപ്പെടെ അവബോധം ശക്തിപ്പെടുത്തണം. കോവിഡ് 19, എച്ച്1 എൻ1 ഇൻഫ്ളുവൻസ എന്നിവയെപ്പോലെ പോലെ വായുവിലൂടെ പകരുന്ന ഒരു രോഗമല്ല എം പോക്സ്. രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, നേരിട്ട് തൊലിപ്പുറത്ത് സ്പർശിക്കുക, ലൈംഗിക ബന്ധത്തിലേർപ്പെടുക, ചുംബിക്കുക, രോഗി ഉപയോഗിച്ച കിടക്ക, വസ്ത്രം എന്നിവ ഉപയോഗിക്കുക തുടങ്ങിയവയിലൂടെ രോഗപ്പകർച്ചക്കുള്ള സാധ്യത വളരെയേറെയാണ്. ത്വക് രോഗ വിദഗ്ധരുടെ യോഗം ചേർന്നിരുന്നു. ഐഎംഎയുടെ സഹകരണത്തോടെ സ്വകാര്യ മേഖലയിലെ ഫിസിഷ്യൻ, പീഡിയാട്രീഷ്യൻ, ഡെർമറ്റോളജിസ്റ്റ് എന്നിവരെ കൂടി ഉൾപ്പെടുത്തി യോഗം ചേരും. പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ എന്നിവരെ പ്രത്യേകം ശ്രദ്ധിക്കണം. ഫീൽഡ് തല ആരോഗ്യ പ്രവർത്തകർ ജാഗ്രതയോടെയിരിക്കണം. പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ ശാക്തീകരിക്കുന്നതിന് ഫീൽഡ് ആരോഗ്യ പ്രവർത്തകരുടെ യോഗം ഉടനെ വിളിച്ച് ചേർക്കുനതാണ്. പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊർജക്കുറവ് എന്നിവയാണ് എം പോക്‌സിന്റെ പ്രാരംഭ ലക്ഷണങ്ങൾ. പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളിൽ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു. മുഖത്തും, കൈകാലുകളിലുമാണ് കൂടുതൽ കുമിളകൾ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടാം. അസുഖബാധിതരായ ആൾക്കാരുമായി സുരക്ഷാ മാർഗങ്ങൾ അവലംബിക്കാതെ അടുത്തിടപഴകുന്ന ആൾക്കാർക്കാണ് എംപോക്സ് ഉണ്ടാകുന്നത്. വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകരും രോഗബാധിതരുടെ സ്രവങ്ങൾ കൈകാര്യം ചെയ്യുന്നവരും രോഗപ്പകർച്ച ഒഴിവാക്കുന്നതിനായി നിർബന്ധമായും നിർദേശിച്ചിട്ടുള്ള അണുബാധ നിയന്ത്രണ മുൻകരുതലുകൾ സ്വീകരിക്കണം. ആരോഗ്യ പ്രവർത്തകർ രോഗികളെയോ അവരുടെ വസ്തുക്കളെയോ സ്പർശിച്ച ശേഷം കൈകൾ സാനിറ്റൈസർ അല്ലെങ്കിൽ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കണം. ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരോടൊപ്പം ജില്ലാ മെഡിക്കൽ ഓഫീസർമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, ജില്ലാ സർവൈലൻസ് ഓഫീസർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.