കോട്ടയം: മെഡിക്കൽ കോളേജിൽ നിന്നും ഭാര്യയുമായി വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ പാടത്തേക്ക് മറിഞ്ഞു ഭർത്താവിന് ദാരുണാന്ത്യം. ഓട്ടോ ഡ്രൈവറായ മുട്ടത്തിപ്പറമ്പ് സ്വദേശി ജിബുമോൻ (47) ആണ് മരിച്ചത്.
വൈക്കം-വെച്ചൂർ-കല്ലറ റോഡിൽ കൊടുതുരുത്ത് ഉഴത്തിൽ ഭാഗത്ത് ആണ് അപകടം ഉണ്ടായത്. അപകടത്തിൽ ഭാര്യ സുരമ്യക്ക് പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു അപകടം. കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും ഭാര്യയുമായി വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ കൊടുന്തുരുത്തിൽ വച്ച് നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ പാടത്തേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ഓട്ടോറിക്ഷയിൽ നിന്നും ജിബുമോൻ തെറിച്ച് പാടത്തിന് സമീപത്തായുള്ള ചതുപ്പിലെ ചെളിയിൽ മുഖം കുത്തി വീഴുകയായിരുന്നു. ഇരുവരെയും അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാർ ചേർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജിബുമോന്റെ ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ പരിക്കേറ്റ ഭാര്യ സുരമ്യയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈക്കം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.