കോട്ടയം ജനറൽ ആശുപത്രിയിൽ നിർമിച്ച ഇന്റഗ്രേറ്റഡ് പബ്ലിക് ഹെൽത്ത് ലാബിന്റെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ്ജ് നിർവ്വഹിച്ചു.


കോട്ടയം: ഒന്നേകാൽ കോടി രൂപ ചെലവിട്ടു കോട്ടയം ജനറൽ ആശുപത്രിയിൽ നിർമിച്ച ഇന്റഗ്രേറ്റഡ് പബ്ലിക് ഹെൽത്ത് ലാബിന്റെ ഉദ്ഘാടനം ആരോഗ്യ-വനിത-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ് നിർവ്വഹിച്ചു.

 

 96 ലക്ഷം രൂപ കെട്ടിടനിർമ്മാണ പ്രവർത്തനങ്ങൾക്കും ബാക്കി തുക അത്യാധുനിക ലാബ് ഉപകരണങ്ങൾ വാങ്ങുന്നതിനുമാണ് ചെലവഴിച്ചിരിക്കുന്നത്. ബയോകെമിസ്ട്രി, പതോളജി, മൈക്രോബയോളജി എന്നീ വിഭാഗങ്ങളാണ് പ്രവർത്തിക്കുന്നത്. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽനിന്നും റഫറൽ ആയി ലഭിക്കുന്ന ലബോറട്ടറി പരിശോധനകൾ ഹബ്ബ് ആൻഡ് സ്‌പോക്ക് രീതിയിൽ കുറഞ്ഞ നിരക്കിൽ ചെയ്യാൻ ലാബിലൂടെ സാധിക്കും. പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് മിഷൻ ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 2023–24 സാമ്പത്തികവർഷം ആരോഗ്യകേരളം പദ്ധതിയിലൂടെ അനുവദിച്ച ഒന്നേകാൽ കോടി രൂപ ചെലവഴിച്ചാണ് ലാബ് സജ്ജീകരിച്ചിരിക്കുന്നത്‌. ചടങ്ങിൽ മന്ത്രി വി എൻ വാസവൻ അധ്യക്ഷത വഹിച്ചു. നിപ, കോവിഡ് പോലുള്ള സംക്രമിക രോഗങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ലെവല്‍ 2 തലങ്ങളില്‍ നടക്കുന്ന ലബോറട്ടറി പരിശോധനകള്‍, ഹബ് ആൻഡ് സ്‌പോക്ക് രീതിയില്‍ ലബോറട്ടറി പരിശോധനകള്‍ എന്നിവ ഇവിടെ നടത്തുവാന്‍ സാധിക്കും എന്നുള്ളത് ഇതിന്റെ പ്രത്യേകതയാണ്.