ഏറ്റുമാനൂർ: ഏറ്റുമാനൂർ പട്ടിത്താനം ജങ്ഷനിൽ കാരിത്താസ് ഹോസ്പിറ്റല്‍ ഒരുക്കിയ റൗണ്ടാന നാടിന് സമർപ്പിച്ചു. അക്ഷര നഗരിക്ക് കാരിത്താസ് ആശുപത്രിയുടെ അക്ഷര ആരോഗ്യ ശിൽപം ഇനി സ്വാഗതമരുളും. റൗണ്ടാന സഹകരണ-ദേവസ്വം-തുറമുഖം വകുപ്പ് മന്ത്രി വിഎൻ വാസവൻ നാടിന് സമർപ്പിച്ചു.
കോട്ടയം അതിരൂപതാ ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആശുപത്രി ഡയറക്ടർ ഫാ. ഡോ. ബിനു കുന്നത്ത്, ആശുപത്രി അധികൃതർ, പൊതുമരാമത്ത്, വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ജീവനക്കാരും പങ്കെടുത്തു. പൊതുമരാമത്തു വകുപ്പുമായി സഹകരിച്ചുകൊണ്ട് കോട്ടയം കാരിത്താസ് ആശുപത്രി എറണാകുളത്തെയും കോട്ടയത്തെയും ബന്ധിപ്പിക്കുന്ന സംസ്ഥാനപാതയിലെ തിരക്കേറിയ ജങ്ഷനുകളിലൊന്നായ കാണക്കാരി പട്ടിത്താനത്ത് ആണ് റൗണ്ടാന നിർമ്മിച്ചിരിക്കുന്നത്. കൃത്യമായ ഗതാഗത നിയന്ത്രണം ഇല്ലാതിരുന്ന മേഖലയായിരുന്നു ഇത്. വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാനും അപകടങ്ങൾ കുറയ്ക്കാനും വാഹനങ്ങൾക്ക് സുരക്ഷിതമായ യാത്രയൊരുക്കാനും റൗണ്ടാന നിർമ്മിച്ചതിലൂടെ സാധിക്കുമെന്ന് ആശുപത്രി ഡയറക്ടർ ഫാ. ഡോ. ബിനു കുന്നത്ത് പറഞ്ഞു. അക്ഷര നഗരിക്കൊപ്പം ആരോഗ്യ നഗരി എന്ന ഖ്യാതിക്ക് കൂടി കോട്ടയം പാത്രമാകുകയാണ്.