എരുമേലി: എരുമേലിയിൽ വീടിനുള്ളിൽ പ്രസവിച്ച ആദിവാസി യുവതിക്കും കുഞ്ഞിനും സമയോചിത ഇടപെടലിൽ സുരക്ഷിതരാക്കി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ.
എരുമേലി ഗ്രാമപഞ്ചായത്ത് പത്തൊൻപതാം വാർഡ് കൊടിത്തോട്ടത്തിൽ താമസിക്കുന്ന ആദിവാസി യുവതിക്കും കുഞ്ഞിനും ആണ് എരുമേലി സർക്കാർ ആശുപത്രിയിലെ ആരോഗ്യ വകുപ്പ് ജീവനക്കാർ. യുവതിക്ക് പ്രസവ വേദനയുടെ ലക്ഷണങ്ങൾ പ്രകടമായപ്പോഴേക്കും അയൽവാസികൾ ഹെൽത്ത് ഇൻസ്പെക്ടർ ഷാജി കറുകത്രയെ വിവരമറിയിക്കുകയായിരുന്നു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഹോട്ടലുകളിൽ മിന്നൽ പരിശോധന നടത്തുന്നതിനിടെയാണ് ഫോൺ വിളി എത്തുന്നത്. ഹെൽത്ത് ഇൻസ്പെക്ടർ ഷാജി കറുകത്രയുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് എൻഫോഴ്മെൻ്റ് ടീം യുവതിയുടെ വീട്ടിലെത്തുകയും പ്രസവം നടന്ന സാഹചര്യത്തിൽ ഫീൽഡിൽ ആയിരുന്ന പാലിയേറ്റീവ് ആംബുലൻസ് വിളിച്ചു വരുത്തി ആരോഗ്യ വകുപ്പ് പബ്ലിക് ഹെൽത്ത് നഴ്സുമാരുടെ നേതൃത്വത്തിൽ സുരക്ഷിതമായ സാഹചര്യമൊരുക്കുകയുമായിരുന്നു. അമ്മയെയും കുഞ്ഞിനെയും ഉടൻ തന്നെ മെഡിക്കൽ ഓഫീസ്സർ ഡോ. റെക്സൺ പോൾ, ഹെൽത്ത് സൂപ്പർ വൈസർ ശ്രീകുമാർ എസ്സ് എന്നിവരുടെ നിദ്ദേശാനുസരണം തുടർ പരിചരണങ്ങൾക്കായി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തിച്ചു. യാത്രാ സൗകര്യങ്ങൾ ദുർഘടമായ പാതയായിരുന്നിട്ടും വളരെ വേഗത്തിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എത്തിയതിനാലാണ് യുവതിയെയും കുഞ്ഞിനേയും സുരക്ഷിതമാക്കാൻ സാധിച്ചത്. പബ്ലിക് ഹെൽത്ത് നേഴ്സ്മാരായ വിജിമോൾ, വനജ ,റിനിമോൾ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സന്തോഷ് ശർമ്മ, സജിത് എസ്സ്, ജിതിൻ, ആശപ്രവർത്തകരായ സുധ,ലീലാമണി ഡ്രൈവർമാരായ ഷിജോ, മനോജ് എന്നിവരാണ് സമയോചിതമായ ഇടപെടലിലൂടെ യുവതിയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിച്ച സംഘത്തിലുണ്ടായിരുന്നത്.