മലരിക്കൽ: ജനകീയ ഇടപെടലിലോടെ പ്രാദേശികമായ ടൂറിസം സാധ്യതകളെ കണ്ടെത്തി വിജയിപ്പിച്ചതിൻ്റെ എക്കാലത്തേയും മാതൃകയാണ് മലരിക്കൽ എന്ന് മന്ത്രി എം ബി രാജേഷ്. ലോക ഭൂപടത്തിൽ സ്ഥാനം പിടിച്ച കോട്ടയത്തിന്റെ പിങ്ക് വിസ്മയമായ മലരിക്കലിലെ 1850 ഏക്കർ പാടശേഖരത്ത് പൂത്തുലഞ്ഞു നിൽക്കുന്ന ആമ്പൽപ്പൂക്കൾ കാണാൻ എത്തിയതായിരുന്നു മന്ത്രി.

 

 അതത് പ്രദേശത്തെ ജനങ്ങളുടെ ഉത്തരവാദിത്വത്തിൽ നടക്കുന്ന വിനോദ സഞ്ചാര വികസന പ്രവർത്തനങ്ങൾക്കാണ് സ്ഥായീ സ്വഭാവം ഉണ്ടാവുക. പ്രദേശവാസികളായ വള്ളത്തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, ചെറുകിട കച്ചവടക്കാർ എന്നിവർക്കൊക്കെ ആമ്പൽ വിസ്മയം വരുമാനം സമ്മാനിച്ചു. മലരിക്കൽ ടൂറിസം പദ്ധതിയെ മാതൃകയാക്കി കേരളത്തിൽ പലയിടത്തും സമാനമായവരൂപപ്പെടുന്നതിന് ഇത് പ്രേരണയാകും എന്ന് മന്ത്രി പറഞ്ഞു. ദീർഘവീക്ഷണത്തോടെ ഇത്തരമൊരു പദ്ധതി മുന്നോട്ട് വെച്ച ജനകീയ കൂട്ടായ്മയേയും കോർഡിനേറ്റർ അഡ്വ. കെ. അനിൽ കുമാറിനേയും തിരുവാർപ്പ് ഗ്രാമപഞ്ചായത്തിനെയും മന്ത്രി അഭിനന്ദിച്ചു. ആമ്പൽ വസന്തം നുകരുവാൻ എത്തിയ സിഡ്നി മോണ്ടിസ്സോറി സ്കൂളിലെ കുരുന്നു കുട്ടികൾ ആമ്പൽ പാടത്ത് കൗതുകം സൃഷ്ടിച്ചു. ആമ്പൽപാടങ്ങളും പൂക്കളും കണ്ട് പാട്ടും നൃത്തവും ചവിട്ടി കുഞ്ഞു കൂട്ടുകാർ തകർത്തു പൊളിച്ചു. കുഞ്ഞു കൂട്ടുകാരുടെ സന്തോഷത്തിൽ മന്ത്രി എം.ബി.രാജേഷും പങ്കാളിയായി. ചോദ്യവും ഉത്തരവും കുസൃതിയുമായി മന്ത്രി കൂട്ടുകാരോടൊപ്പം ചേർന്നത് നൂറുകണക്കിന് സന്ദർശകരിൽ ആവേശം ജനിപ്പിച്ചു. സിഡ്നി മോണ്ടിസ്സോറി സ്കൂൾസ് മാനേജിംഗ് ഡയറക്ടർ ജെ.ജോസഫും ചെയർപേഴ്സൺ ജാസ്മിൻ കെ.മാത്യുവും കുട്ടികളുടെ പരിപാടികൾക്ക് നേതൃത്വം കൊടുത്തു. പ്രത്യേക ആമ്പൽ സമ്മേളനത്തിന് തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അജയൻ കെ.മേനോൻ അദ്ധ്യക്ഷത വഹിച്ചു. നദീസംയോജന ജനകീയ കൂട്ടായ്മ കോർഡിനേറ്റർ അഡ്വ.കെ.അനിൽകുമാർ ആമുഖപ്രസംഗം നിർവഹിച്ചു. ഫെസ്റ്റ് സെക്രട്ടറി വി കെ ഷാജിമോൻ, ഗ്രാമപഞ്ചായത്ത് അംഗം ഒ.എസ് അനീഷ് ജനകീയ കൂട്ടായ്മ ഭാരവാഹികളായ ഏബ്രഹാം കുര്യൻ,അനു രമേഷ്, മുഹമ്മദ് സാജിദ്, കെ.എം സിറാജ്, സി.ജി മുരളീധരൻ, എ കെ ഗോപി, വി റ്റി ജോൺ, പീറ്റർ നൈനാൻ എന്നിവർ ആശംസകൾ നേർന്നു. 7 വർഷം മുൻപാരംഭിച്ച മീനച്ചിലാർ -മീനന്തറയാർ -കൊടൂരാർ നദീ പുനർ സംയോജന പദ്ധതി ജില്ലയിൽ നേതൃത്വം കൊടുക്കുന്ന ഏഴ് പ്രാദേശിക ടൂറിസം കേന്ദ്രങ്ങളിലൊന്നാണ് മലരിക്കൽ. ഏഴ് വർഷം കൊണ്ട് ചെറുതും വലുതുമായി 1400 കിലോമീറ്റർ ദൂരത്തിൽ പുഴകളും തോടുകളും വൃത്തിയാക്കി. 30 വർഷമായി കൃഷി നിലച്ച 5500 ഏക്കർ നെൽപ്പാടത്ത് കൃഷി തിരികെ കൊണ്ടുവന്നു. മലരിക്കൽ ആമ്പൽപ്പാടത്ത് ഈ ദിവസങ്ങളിലായി ചെറുവള്ളങ്ങളുടെ ഉടമസ്ഥർക്ക് വലിയൊരു തുകയാണ് ലഭിച്ചത്. കുടുംബശ്രീ പ്രവർത്തകർക്കും ചെറുകിട കച്ചവടക്കാർക്കും സാമ്പത്തിക നേട്ടമുണ്ടാക്കാൻ കഴിഞ്ഞു. പരിസ്ഥിതി സൗഹാർദ്ദമായി പ്രദേശത്തെ സംരക്ഷിച്ചു കൊണ്ട് ഈ സംവിധാനം കൂടുതൽ വിപുലമാക്കാനുള്ള ഒരുക്കത്തിലാണ് ഈ ജനകീയ കൂട്ടായ്മ.