പകലെന്നില്ല രാത്രിയെന്നില്ല, തെരുവ്‌ നായകളുടെ വിഹാര കേന്ദ്രമായി മാറി എരുമേലി, ഭീതിയിൽ മേഖലയിലെ വീട്ടുകാരും വഴി യാത്രികരും.


എരുമേലി: പകലെന്നോ രാത്രിയെന്നോ ഇല്ലാതെ തെരുവ്‌ നായ്ക്കളുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണ് എരുമേലി നഗരം. എരുമേലി നഗരത്തിന്റെ കരിങ്കല്ലുംമൂഴി ഭാഗം മുതൽ പേട്ട കവലയിലും കെ എസ് ആർ ടി സി-സ്വകാര്യ ബസ്സ് സ്റ്റാൻഡ് ഭാഗങ്ങളിലും മുണ്ടക്കയം റോഡിൽ ചരള ഭാഗത്തും കാഞ്ഞിരപ്പള്ളി റോഡിൽ കൊരട്ടി പാലം വരെയുള്ള ഭാഗത്തും തെരുവ് നായകൾ കൂട്ടത്തോടെ വിഹരിക്കുകയാണ്.

 

 കഴിഞ്ഞ ദിവസം രാത്രിയാണ് എരുമേലി ചരള ഭാഗത്തുള്ള ഒരു വീട്ടിലേക്ക് ഇരുപതോളം വരുന്ന തെരുവ് നായകളുടെ കൂട്ടം പാഞ്ഞു കയറിയത്. പിറ്റേന്ന് ഉടമ സി സി ടി വി ദൃശ്യങ്ങൾ ശ്രദ്ധിച്ചപ്പോഴാണ് ഇക്കാര്യം മനസ്സിലായത്. തെരുവ് നായകളുടെ വിഹാരത്തിൽ ഭീതിയിലാണ് മേഖലയിലെ വീട്ടുകാരും വഴി യാത്രികരും. ഇരുചക്ര വാഹനങ്ങൾക്ക് കുറുകെ നായകൾ ചാടുന്നതും രാതി കാലങ്ങളിൽ ഇരുചക്ര വാഹനങ്ങളുടെ വെട്ടത്തിനു പിന്നാലെ കുരച്ചുകൊണ്ടു പാഞ്ഞടുക്കുന്നതും സ്ഥിരം കാഴ്ചകളാണ്. നിരവധിപ്പേർക്കാണ് ഇതിനോടകം തന്നെ ഇത്തരത്തിൽ വാഹനത്തിൽ നിന്നും വീണു അപകടത്തിൽ പരിക്കേറ്റിരിക്കുന്നത്. എരുമേലി കെ എസ് ആർ ടി സി-സ്വകാര്യ ബസ്സ് സ്റ്റാൻഡ് ഭാഗങ്ങളിലും തെരുവ് നായകളുടെ ശല്യം രൂക്ഷമാണ്. കടിപിടി ബഹളവും ശല്യവും കൂടിയതോടെ ഭീതിയിലാണ് ഇവിടെ എത്തുന്ന യാത്രക്കാർ. പുലർച്ചെയും രാത്രിയും എത്തുന്നവർ ഇപ്പോൾ ഭീതിയിലാണ്. നടപ്പാതയിലും പാർക്കിങ് ഏരിയയിലുമെല്ലാം തെരുവ്‌നായ്ക്കളുടെ ശല്യമാണ്. പരസ്പരം കടിപിടി കൂടുകയും യാത്രക്കാരുടെ നേർക്ക് കുറച്ചു കൊണ്ട് ചാടുകയും പാഞ്ഞടുക്കുകയും ചെയ്യുന്നതോടെ യാത്രക്കാർ ഭീതിയിലാണ്. സമീപ പ്രദേശത്തെ ഹോട്ടലുകളിലെ ഭക്ഷണ അവശിഷ്ടങ്ങളാണ് ഇവയുടെ ഭക്ഷണം. ട്രിപ്പ് കഴിഞ്ഞു സ്റ്റാൻഡിലെത്തുന്ന ബസ്സുകൾക്കടിയിലാണ് തെരുവ് നായ്ക്കളുടെ സുഖവാസം. മാസങ്ങൾക്ക് മുൻപ് തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ എരുമേലിയിൽ മൂന്ന് പേർക്ക് കടിയേറ്റിരുന്നു.