കോട്ടയം: കേന്ദ്ര സർക്കാരിൻ്റെ ബെസ്റ്റ് റൂറൽ ടൂറിസം വില്ലേജ് അവാർഡിൽ തുടർച്ചയായി രണ്ടാം വർഷവും കേരള ടൂറിസത്തിന് പുരസ്കാരം. ഇത്തവണ രണ്ട് പുരസ്കാരങ്ങളാണ് കേരളത്തിന് ലഭിച്ചത്. കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം മിഷൻ്റെ പദ്ധതികൾക്കാണ് 2 പുരസ്കാരങ്ങളും.
കടലുണ്ടിയും കുമരകവുമാണ് അവാർഡിന് അർഹമായ പഞ്ചായത്തുകൾ. ഇന്ത്യയിൽ ആദ്യമായി ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങൾ ആരംഭിച്ച സ്ഥലമാണ് കുമരകം. ലോകം ശ്രദ്ധിച്ച കേരള മോഡൽ റെസ്പോൺസിബിൾ ടൂറിസത്തിൻ്റെ എല്ലാ മാതൃകകളും കുമരകത്തിൻ്റെ സംഭാവനയാണ്. പ്രാദേശിക സാമ്പത്തിക വികസനത്തിൻ്റെയും പരിസ്ഥിതി സംരക്ഷണത്തിൻ്റെയും സ്ത്രീ ശാക്തീകരണത്തിൻ്റെയും ഉപാധിയായി ഉത്തരവാദിത്ത ടൂറിസത്തെ മാറ്റാമെന്ന് തെളിയിച്ച നാടാണ് കുമരകം. കാർഷിക പ്രവർത്തനങ്ങൾക്ക് വിഘാതമേൽപ്പിക്കാതെ ഉത്തരവാദിത്ത ടൂറിസത്തിലൂടെ വിനോദ സഞ്ചാരം വിജയകരമായി നടപ്പാക്കുന്നതിനാണ് കുമരകത്തിന് അവാർഡ്. കാർഷിക പ്രവർത്തനങ്ങളെ ടൂറിസ്റ്റുകൾക്ക് ആസ്വാദ്യകരമാക്കിയ ഫാമിങ്ങ് എക്സ്പീരിയൻസ്, ഫിഷിങ്ങ് എക്സ്പീരിയൻസ്, എ ഡേ വിത്ത് ഫാർമർ തുടങ്ങി നിരവധി അനുഭവ വേദ്യ ടൂർ പാക്കേജുകൾ കുമരകത്ത് നടന്ന് വരുന്നു. ഗ്രാമീണ ടൂറിസം പാക്കേജുകളാണ് മറ്റൊരു പ്രധാന ആകർഷണം. കാർഷിക ഉത്പന്നങ്ങളുടെ വിപണനം റിസോർട്ടുകളുമായി ബന്ധിപ്പിച്ച് നടപ്പാക്കുന്നതും കുമരകത്തെ ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളുടെ പ്രത്യേകതയാണ്. പാട ശേഖരത്തിലൂടെ നടത്തം മുതൽ എല്ലാ കാർഷിക പ്രവർത്തനങ്ങളും ടൂർ പാക്കേജിൻ്റെ ഭാഗമാകുന്നതും കുമരകത്തിൻ്റെ പ്രത്യേകതയാണ്. ഇന്ത്യയിൽ ആദ്യമായാണ് കാർഷിക വിനോദ സഞ്ചാര പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാർ അവാർഡ് ഏർപ്പെടുത്തുന്നത്. ആദ്യ പുരസ്കാരം തന്നെ കുമരകത്തിന് നേടാനായി എന്നത് ഇരട്ടിമധുരം പകരുന്നു.