രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന മൃഗാശുപത്രി, രോഗികളായി എത്തുന്ന മൃഗങ്ങളെ കിടത്തി പരിശോധിക്കാനുള്ള മേശയോ അതിനുള്ള ഒരു മുറിയോ പോലും ഇല്ലാതെ രണ്ട് മുറിയിൽ


എരുമേലി: പരിമിതികൾക്കു നടുവിൽ വീർപ്പുമുട്ടി എരുമേലിയിലെ മൃഗാശുപത്രി. രോഗികളായി എത്തുന്ന വളർത്തു മൃഗങ്ങൾക്കൊപ്പം കൂടെ എത്തുന്നവരും ഏറെ ബുദ്ധിമുട്ടിലാണ് രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ഈ മൃഗാശുപത്രിയിൽ. രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ഏക മൃഗാശുപത്രിയും ചിലപ്പോൾ ഇതാകും.

 

 ആവശ്യത്തിന് മരുന്നും ഡോക്ടറും ഉണ്ടായിട്ടും ഒരുവിധത്തിലുമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെയാണ് മൃഗാശുപത്രിയുടെ പ്രവർത്തനം. രോഗികളായി എത്തുന്ന മൃഗങ്ങളെ കിടത്തി പരിശോധിക്കാനുള്ള മേശയോ അതിനുള്ള ഒരു മുറിയോ പോലും ഇല്ലാതെ രണ്ട് മുറിയിലാണ് ആശുപത്രിയുടെ പ്രവർത്തനം. ഒരു മുറിയിൽ ഡോക്ടറുടെ കൺസൽട്ടിംഗും മറ്റൊരു റൂമിൽ ഫാർമസിയും ആണുള്ളത്.  പിന്നീട് ആകെയുള്ള ഇടം നടകയറി വരുമ്പോഴുള്ള ചെറിയ വരാന്തയാണ്. ഇവിടെയാണ് ആശുപത്രിയിലേക്ക് എത്തിക്കുന്ന മൃഗങ്ങളും ഒപ്പമുള്ളവരും നിൽക്കുന്നത്. അസുഖബാധിതനായി എത്തുന്ന പട്ടിക്കുട്ടികളും പശുക്കളുമുൾപ്പടെ നടകയറി എത്തേണ്ട അവസ്ഥയിലാണ് ഇപ്പോൾ. എന്നാൽ നദ കയറാൻ വിമുഖത കാട്ടുന്ന വളർത്തു മൃഗങ്ങളെ ഡോക്ടർ താഴെ എത്തി പരിശോധിക്കാറുണ്ട്. പേവിഷബാധയും, പക്ഷിപനിയും, പന്നി പനിയും മനുഷ്യർക്ക് ജീവഹാനി ഉണ്ടാക്കുമ്പോൾ നാട്ടിലെ മൃഗാശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന ആവശ്യത്തിലാണ് നാട്ടുകാർ. എരുമേലി ഗ്രാമ പഞ്ചായത്ത് ഉടമസ്ഥതയിൽ ഉള്ള ഹോമിയോ ആശുപത്രിയുടെ കെട്ടിടത്തിലെ മുകളിലെ നിലയിലാണ് ഈ ആശുപത്രി പ്രവത്തിക്കുന്നത്.