വനം വകുപ്പിന്റെ തടസ്സം മറികടന്ന് പുഞ്ചവയൽ-പാക്കാനം-മഞ്ഞളരുവി റോഡ് പൂർണ്ണ ഗതാഗത സജ്ജമാകുന്നു.


മുണ്ടക്കയം: പുഞ്ചവയലിൽ നിന്ന് ആരംഭിച്ച് പാക്കാനം വഴി എരുമേലി ഗ്രാമപഞ്ചായത്തിലെ മഞ്ഞളരുവിയിൽ എത്തുന്ന 5 കിലോമീറ്റർ ദൈർഘ്യമുള്ള പി.ഡബ്ല്യു.ഡി റോഡിൽ വനമേഖലയിലൂടെ കടന്നുപോകുന്ന ഒരു കിലോമീറ്ററോളം ഭാഗം നിലവിൽ ടാറിങ്ങോ, കോൺക്രീറ്റിങ്ങോ ഇല്ലാതെ ഗതാഗത യോഗ്യമല്ലാതിരുന്നതുമൂലം ഈ റോഡ് പൂർണ്ണതോതിൽ ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ല. ഈ ഭാ​ഗം കൂടി കോൺക്രീറ്റിംഗ് നടത്തി റോഡ് ഗതാഗതയോഗ്യമാക്കുന്നതിന് എം എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗിച്ചുള്ള നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുകയാണ്.

 

 മുണ്ടക്കയം ഗ്രാമ പഞ്ചായത്തിന്റെ 11,15 വാർഡിലൂടെയും എരുമേലി ഗ്രാമ പഞ്ചായത്തിന്റെ 8,9 വാർഡുകളിലൂടെയും കടന്നുപോകുന്ന ഈ റോഡ് വനം വകുപ്പിന്റെ അനുമതി കിട്ടാതിരുന്നത് മൂലമാണ് ഏതാണ്ട് 20 വർഷത്തിലധികമായി  ടാറിങ്ങോ കോൺക്രീറ്റിങ്ങോ നടത്താൻ കഴിയാതെ ഗതാഗതയോഗ്യമല്ലാതെ കിടന്നിരുന്നത്. ഇക്കാര്യത്തിൽ  വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനുമായി എം എൽ എ ചർച്ച നടത്തി വനം വകുപ്പ് ഉന്നയിച്ചിരുന്ന തടസ വാദങ്ങൾ പരിഹരിച്ച് റോഡ് കോൺക്രീറ്റിംഗിന് വനം വകുപ്പിൽ നിന്നും അനുമതി നേടിയെടുക്കുകയായിരുന്നു. പുഞ്ചവയൽ മുതൽ മഞ്ഞളരുവി വരെ ഈ റോഡ് ഗതാഗതയോഗ്യമാകുന്നതോടുകൂടി മുണ്ടക്കയം,കോരുത്തോട്, എരുമേലി ഗ്രാമപഞ്ചായത്തുകളിൽപ്പെട്ട മുരിക്കുംവയൽ, പുഞ്ചവയൽ, 504, കുഴിമാവ്, കോസടി, കോരുത്തോട്, പാക്കാനം, കാരിശ്ശേരി, ഇഞ്ചക്കുഴി തുടങ്ങിയ പ്രദേശങ്ങളിൽപ്പെട്ട നൂറുകണക്കിന് ആളുകൾക്ക് എരുമേലിയിലേക്കും തുടർന്ന് റാന്നി മുതൽ തിരുവനന്തപുരം വരെയുള്ള എല്ലാ തെക്കൻ പ്രദേശങ്ങളിലേക്കും യാത്ര ചെയ്യുന്നതിന് എളുപ്പമാർഗമായി ഈ റോഡ് മാറും എന്നും എം എൽ എ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. വർഷങ്ങളായി ഈ റോഡ് ഗതാഗത യോഗ്യമല്ലാതെ മൺറോഡ് ആയി കിടന്നിരുന്നതു മൂലം  പ്രദേശവാസികൾ എരുമേലി ഉൾപ്പെടെ തെക്കോട്ട് യാത്ര ചെയ്യുന്നതിന് മുണ്ടക്കയത്ത് കൂടി ചുറ്റി സഞ്ചരിച്ചാണ് യാത്ര ചെയ്തിരുന്നത്. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള സംസ്ഥാനപാതയായ മുണ്ടക്കയം-കരിനിലം-പുഞ്ചവയൽ-504- കുഴിമാവ് റോഡിനെയും നാഷണൽ ഹൈവേയുടെ കീഴിൽ 183A ആയി വികസനം നടന്നുവരുന്ന മുണ്ടക്കയം-എരുമേലി-ഭരണിക്കാവ് റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കണക്ടിവിറ്റി റോഡ് എന്ന പ്രത്യേകതയും ഈ റോഡിനുണ്ട്. പ്രസ്തുത റോഡുകളിൽ ഏതെങ്കിലും ഗതാഗത തടസ്സം ഉണ്ടായാൽ ബൈപ്പാസ് ആയും  പാക്കാനം - മഞ്ഞളരുവി റോഡ് ഉപയോഗിക്കാൻ കഴിയും. തമിഴ്നാട്ടിൽ നിന്നും ഇടുക്കി ജില്ലയിൽ നിന്നും എത്തുന്ന ശബരിമല തീർത്ഥാടകർക്കും ഈ റോഡ് ഏറെ പ്രയോജനപ്രദമാകും. കാനനപാത വഴി ശബരിമല ദർശനത്തിന് പോകുന്ന തീർത്ഥാടകർക്കും ഈ റോഡ് ഏറെ സഹായകരമാണ്.