കോട്ടയം: സംസ്ഥാനത്ത് ആദ്യമായി നടത്തിയ 'കീം' ഓൺലൈൻ പ്രവേശന പരീക്ഷ ചരിത്രവിജയം കുറിച്ചിരിക്കുകയാണ് എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദു. പരീക്ഷാഫലം എത്രയും വേഗം പ്രസിദ്ധീകരിച്ച് പ്രവേശന നടപടികളിലേക്ക് കടക്കാൻ എൻട്രൻസ് കമ്മീഷണർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.

 

 പ്രവേശനപരീക്ഷാ ചരിത്രത്തിൽ ഇതുവഴി പുതിയ അദ്ധ്യായം കുറിച്ചിരിക്കുകയാണ് കേരളം. 'കീം' എഞ്ചിനീയറിംഗ്, ഫാർമസി പ്രവേശനപരീക്ഷകൾ വിജയകരമായി പൂർത്തിയാക്കാൻ സഹായിച്ച ഏവർക്കും നിറഞ്ഞ നന്ദിയും അനുമോദനവും അറിയിക്കുന്നതായും മന്ത്രി പറഞ്ഞു. 79044 വിദ്യാര്‍ത്ഥികളാണ് ജൂൺ അഞ്ചു മുതൽ പത്തുവരെ ആറു ദിവസങ്ങളിലായി നടന്ന ആദ്യ 'കീം' ഓൺലൈൻ പ്രവേശന പരീക്ഷയെഴുതിയത്. ഈ മാസം 5 മുതൽ 9 വരെ എഞ്ചിനീയറിംഗ് പരീക്ഷയും 10ന് ഫാർമസി പരീക്ഷയുമായിരുന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഇത്ര വിപുലമായ രീതിയിൽ ഓൺലൈൻ പരീക്ഷ നടത്തിയത്. ഒരു ദിവസം പരമാവധി 18,993 പേർക്ക് പരീക്ഷ എഴുതാനുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നു. പരീക്ഷയ്ക്കായി തയ്യാറാക്കിയ സോഫ്റ്റ്‌വെയർ ഒരുക്കിയത് സംസ്ഥാന സർക്കാർ സ്ഥാപനമായ സി-ഡിറ്റ് ആണ്. സോഫ്റ്റ്‌വെയറും അനുബന്ധ ഉപകരണങ്ങളും വിലയിരുത്താനായി മോക്ക് ടെസ്റ്റും ട്രയല്‍ പരീക്ഷയും നടത്തി പരീക്ഷ സുഗമമമായി നടക്കുമെന്ന് ആദ്യം ഉറപ്പാക്കിയിരുന്നു. വിവിധ ജില്ലകളിലായി 198 പരീക്ഷാ കേന്ദ്രങ്ങളിലും, ഡല്‍ഹിയിൽ രണ്ട് പരീക്ഷാകേന്ദ്രങ്ങളിലും, മുംബൈ, ദുബായ് എന്നിവിടങ്ങളിൽ  ഓരോ കേന്ദ്രങ്ങളിലുമായാണ് പരീക്ഷ നടന്നത്. കോട്ടയം ജില്ലയിൽ പരീക്ഷ നടത്തിയത് 14 കേന്ദ്രങ്ങളിൽ ആണ്. ഏറ്റവും സുഗമമായി പരീക്ഷ പൂർത്തിയാക്കാൻ എല്ലാ പിന്തുണയും നൽകിയ കോളീജിയേറ്റ് എഡ്യൂക്കേഷൻ ഡയറക്ടറേറ്റ്, സോഫ്റ്റ്‌വെയർ തയ്യാറാക്കിയ സി-ഡിറ്റ്, പരീക്ഷാ കേന്ദ്രങ്ങളും അനുബന്ധ സൗകര്യങ്ങളും സജ്ജമാക്കിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജ്‌മെന്റുകൾ, പരീക്ഷാർത്ഥികൾക്കായി പ്രതേക സർവ്വീസ് നടത്തിയ കെ എസ് ആർ ടി സി, അധിക കോച്ച് അനുവദിച്ച റെയിൽവേ, വിവരങ്ങൾ യഥാക്രമം നൽകിയ മാധ്യമപ്രവർത്തകർ, ആത്മാർത്ഥമായി പ്രവർത്തിച്ച മെഡിക്കൽ ടീം തുടങ്ങി എല്ലാവർക്കും നന്ദി അറിയിക്കുന്നതായും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായാണ് കീം എഞ്ചിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷകൾ ഓൺലൈനായി നടത്തുന്നത്. പ്രവേശന പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥികളുടെ ബയോമെട്രിക് വിവരശേഖരണവും രജിസ്‌ട്രേഷനും വിജയകരമായി പൂർത്തിയാക്കിയത് അക്ഷയ ജീവനക്കാരാണ്. ജില്ലക്ക് പുറത്തു നിന്നുമുള്ള വിദ്യാർത്ഥികൾ ഉൾപ്പടെ കോട്ടയം ജില്ലയിലെ പരീക്ഷാ സെന്ററുകളിൽ പരീക്ഷയ്ക്കായി എത്തിയിരുന്നു. ജില്ല വിട്ട് ദീർഘദൂരം യാത്ര ചെയ്ത് പരീക്ഷ സെന്ററിൽ എത്തേണ്ടിയിരുന്നു എങ്കിലും ഒഎംആർ പരീക്ഷയെക്കാൾ നല്ലത് ഓണ്‍ലൈൻ പരീക്ഷയെന്നാണ് വിദ്യാർത്ഥികൾ പ്രതികരിച്ചത്. എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലെയും വിദ്യാർത്ഥികളുടെ ബയോമെട്രിക് വിവരശേഖരണവും രജിസ്‌ട്രേഷനും കുറഞ്ഞ സമയത്തിൽ വേഗത്തിൽ പൂർത്തീകരിച്ച അക്ഷയ ജീവനക്കാരുടെ സേവനം പ്രശംസനീയമാണ്. എന്നാൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ അനുമോദന-നന്ദി കുറിപ്പിൽ മറ്റെല്ലാ മേഖലയെയും പരാമർശിച്ചപ്പോൾ അക്ഷയ ജീവനക്കാരുടെ സേവനങ്ങളെ പരാമർശിച്ചിട്ടില്ല. അതേസമയം പരീക്ഷയ്ക്ക് സെന്ററുകൾ അനുവദിച്ചതിൽ അപാകതയുണ്ടെന്നും മലബാർ മേഖലയിലുള്ള വിദ്യാർഥികൾക്ക് കോട്ടയം, എറണാകുളം ഭാഗത്തും തെക്കൻ കേരളത്തിലെ വിദ്യാർത്ഥികൾക്ക് മലബാർ ഭാഗത്തുമാണ് സെന്റർ അനുവദിച്ചതെന്നും പരക്കെ ആക്ഷേപമുണ്ട്.