കണ്ണീർക്കടലായി നാട്, ഉറ്റവരോട് വിട ചൊല്ലാനൊരുങ്ങി ഷിബുവും ശ്രീഹരിയും, സ്റ്റെഫിന്റെ സംസ്കാരം നാളെ.


കോട്ടയം: കുവൈത്ത് തീപിടിത്തത്തിൽ മരിച്ച കോട്ടയം സ്വദേശികളായ രണ്ടു പേരുടെ സംസ്കാരം ഇന്ന് നടക്കും. പായിപ്പാട് സ്വദേശി ഷിബു വർഗീസിൻ്റെ സംസ്കാര ശുശ്രുഷകൾ ഇന്ന് നാലു മണിക്ക് പായിപ്പാട് സെൻ്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിലും ഇത്തിത്താനം സ്വദേശി ശ്രീഹരി പ്രദീപിൻ്റെ സംസ്കാരം 2 മണിക്ക് വീട്ടുവളപ്പിലും നടക്കും.

 

 കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിൻ ഏബ്രഹാം സാബുവിൻ്റെ സംസ്കാരം തിങ്കളാഴ്ചയാണ്. കുവൈത്ത് അപകടത്തിൽ മരിച്ച കോട്ടയം സ്വദേശികളുടെ വീട് മന്ത്രി വി എൻ വാസവൻ സന്ദർശിച്ചു. കുവൈത്ത് മംഗഫിലെ കമ്പനി ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മരണപ്പെട്ട കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിൻ എബ്രഹാം സാബു, ചങ്ങനാശ്ശേരി ഇത്തിത്താനം സ്വദേശി ശ്രീഹരി, പായിപ്പാട് സ്വദേശി ഷിബു വർഗീസ് എന്നിവരുടെ വീടുകൾ സഹകരണ-തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ സന്ദർശിച്ചു.

 

 മൂവരുടെയും ബന്ധുക്കളുമായി മന്ത്രി സംസാരിക്കുകയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു. ഗൾഫ് മലയാളികൾ നേരിട്ട ഏറ്റവും വലിയ ദുരന്തമാണിത് എന്നും നാമെല്ലാവരും  ഇവർക്കൊപ്പം  ചേർന്നു നിന്ന് ഈ വേദനയിൽ കരുത്താകേണ്ടതുണ്ട് എന്നും മന്ത്രി പറഞ്ഞു.