ചങ്ങനാശേരിയിൽ പാറക്കുളത്തിൽ ചൂണ്ടയിടാനെത്തിയ 2 വിദ്യാർത്ഥികൾ മുങ്ങിമരിച്ചു, മരിച്ചത് സഹോദരിമാരുടെ മക്കൾ.


ചങ്ങനാശ്ശേരി: ചങ്ങനാശേരിയിൽ പാറക്കുളത്തിൽ ചൂണ്ടയിടാനെത്തിയ 2 വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. ചങ്ങനാശേരി തൃക്കൊടിത്താനം ചെമ്പുമ്പുറം പാറക്കുളത്തിൽ ചൂണ്ടയിടാനെത്തിയ 2 വിദ്യാർത്ഥികളാണ് മുങ്ങിമരിച്ചത്.

 

 മാടപ്പള്ളി പൊൻപുഴ പുതുപ്പറമ്പിൽ വീട്ടിൽ അനീഷ്-ആശ ദമ്പതികളുടെ മകനും പത്താം ക്ലാസ് വിദ്യാർത്ഥിയുമായ ആദർശ്(15), മാങ്ങാനം വിജയപുരം മാധവശ്ശേരിൽ ആനീസിന്റെ മകനും കോട്ടയം ഹോളി ഫാമിലി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയുമായ അഭിനവ്(11) എന്നിവരാണ് മരിച്ചത്.

 

 ചൂണ്ടയിടുന്നതിനിടെ ഒരാൾ കാൽ വഴുതി വെള്ളത്തിൽ മുങ്ങിത്താഴുന്നത് കണ്ട് ഒപ്പമുള്ള ആൾ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടുപേരും മുങ്ങി താഴുകയായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. ഒപ്പമുണ്ടായിരുന്ന മറ്റു 2 കുട്ടികളുടെ നിലവിളികേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്. നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് വിവരം പോലീസിലും അഗ്നിരക്ഷാ സേനയെയും അറിയിക്കുകയായിരുന്നു. ചങ്ങനാശേരിയിൽ നിന്നും അഗ്നിരക്ഷാസേന എത്തിയാണ് ഇരുവരെയും പുറത്തെടുത്തത്.