കുമരകം: പ്രകൃതിരമണീയമായ വിനോദസഞ്ചാര കേന്ദ്രം എന്ന ഖ്യാതിക്കൊപ്പം ലോകമാതൃകയായ വിനോദകേന്ദ്രം എന്ന നിലയിലേക്കുകൂടി കുമരകം ഇന്ന് മാറിയിരിക്കുന്നു. ടൂറിസം വകുപ്പിന് കീഴിലുള്ള ഉത്തരവാദിത്ത ടൂറിസം മിഷന്റെ പ്രവർത്തനങ്ങളിലൂടെ ലോക ഉത്തരവാദിത്ത ടൂറിസത്തിന്റെ മാതൃകയായി കുമരകം പ്രഖ്യാപിക്കപ്പെട്ടിരുന്നു.
ഇതോടെ കേരളത്തിലെത്താന്‍ പദ്ധതിയിടുന്ന ഓരോ സഞ്ചാരിയുടെയും പ്രിയപ്പെട്ട ലക്ഷ്യസ്ഥാനങ്ങളില്‍ കുമരകവും ഇടം നേടി. ടൂറിസം വകുപ്പും ഉത്തരവാദിത്ത ടൂറിസം മിഷനും ടൂറിസം വ്യവസായികളും തദ്ദേശീയരും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഒന്നുചേർന്ന് വികേന്ദ്രീകൃതവും ജനകീയവും പരിസ്ഥിതി സൗഹാര്‍ദ്ദപരവുമായ വിനോദ സഞ്ചാരം യാഥാർത്ഥ്യമാക്കിയ കുമരകം. ഇവിടേക്ക് എത്തുന്ന ഓരോ സഞ്ചാരിക്കും ഈ നാടിന്റെ തനതായ ജീവിതരീതികളും സംസ്കാരവും ഭക്ഷണ വൈവിധ്യവും അനുഭവിച്ചറിയാൻ സാധിക്കും. കുമരകം ടൂറിസം ഡെസ്റ്റിനേഷനിലെ കുമരകം, അയ്മനം പഞ്ചായത്തുകൾ ഉത്തരവാദിത്ത ടൂറിസം മിഷന്റെ പങ്കാളിത്തത്തോടെ നടപ്പാക്കിയ പദ്ധതി പ്രവർത്തനങ്ങൾ നാലു തവണ സാർവ്വദേശീയ പുരസ്‌കാരങ്ങളും രണ്ട് തവണ ദേശീയ പുരസ്‌കാരവും നേടിയിട്ടുണ്ട്.
3000 -ലധികം കുടുംബങ്ങൾ ഇവിടെ പ്രത്യക്ഷവും പരോക്ഷവുമായി ടൂറിസത്തിലൂടെ ഉപജീവനം നടത്തുന്നു. കേരള റെസ്‌പോൺസിബിൾ ടൂറിസം മിഷന്റെയും ടൂറിസം സംരംഭകരുടെയും ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ പ്ലാസ്റ്റിക് വിമുക്ത ഡെസ്റ്റിനേഷൻ പ്രഖ്യാപനത്തിലേക്കും വനിതാ സൗഹൃദ വിനോദ സഞ്ചാര കേന്ദ്രമെന്ന ലക്ഷ്യത്തിലേക്കും ഈ നാട് മുന്നേറുകയാണ്. കുമരകത്തിന്റെ കായൽ ഭംഗിയും ദൃശ്യമനോഹാരിതയും ആസ്വദിക്കാനായി പ്രമുഖരുൾപ്പടെയുള്ള വിദേശീയർ എത്തുന്നുണ്ട്. ഓസ്കർ ജേതാവും ഹോളിവുഡ് താരവുമായ മൈക്കൽ ഡഗ്ലസും ഭാര്യയും നടിയുമായ കാതറിൻ സീറ്റ ജോൺസും കഴിഞ്ഞ ഡിസംബറിൽ കുമരകത്ത് എത്തിയിരുന്നു. ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിനായി കുമരകത്ത് നടപ്പാക്കുന്ന സ്വദേശ് ദർശൻ 2.0 പദ്ധതിയുടെ ആദ്യഘട്ടത്തിൽ നടപ്പാക്കുന്നതിനായി കുമരകം, അയ്മനം, ആർപ്പൂക്കര പഞ്ചായത്തുകളിലെ മൂന്നു പദ്ധതികൾ കേന്ദ്ര വിനോദ സഞ്ചാര മന്ത്രാലയത്തിന് അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്. കുമരകത്തെ പക്ഷിസങ്കേതം, നാലുപങ്ക് ഹൗസ്‌ബോട്ട് ടെർമിനൽ നൈറ്റ് ലൈഫ് കേന്ദ്രം, ആർപ്പൂക്കരയിലെ കൈപ്പുഴ മുട്ടിലെ ബോട്ട് ടെർമിനൽ, അയ്മനത്തെ ചീപ്പുങ്കൽ കായൽ പാർക്ക് എന്നീ പദ്ധതികളാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുന്നതിനായി പരിഗണയ്ക്കായി സമർപ്പിച്ചിരിക്കുന്നത്. കേരളം കാണാനും കേരളത്തെ അറിയാനായി ടൂറിസം വകുപ്പിന്റെ പ്രചാരണ പരിപാടിയായ കേരള ബ്ലോഗ് എക്സ്പ്രസിൽ കയറു പിരിച്ചും തെങ്ങിൽ കയറിയും കുമരകത്തെയും അയ്മനത്തെയും ദൃശ്യ വിസ്മയങ്ങളും രുചി വൈവിധ്യങ്ങളും ആസ്വദിച്ച് 19 രാജ്യങ്ങളില്‍ നിന്ന് 25 ബ്ലോഗര്‍മാരാണ് എത്തിയത്. ഇസ്രായേൽ വിനോദ സഞ്ചാര ഡയറക്ടർ സമ്മിയും ഭാര്യ സൊഹദും മൂന്നു വട്ടമാണ് കുമരകം സന്ദർശിച്ചത്. ഇസ്രയേൽ മിനിസ്ട്രി ഓഫ് ടൂറിസത്തിന്റെ ഇന്ത്യ-ഫിലിപ്പീൻസ് ഡയറക്ടർ ആണ് സമ്മി യാഹിയ. മാലിദ്വീപ് പ്രതിരോധ മന്ത്രി മരിയ അഹമ്മദ് ദീദിയും കുടുംബവും രണ്ടു വർഷങ്ങൾക്ക് മുൻപ് കുമരകം സന്ദർശിച്ചിരുന്നു. വിനോദ സഞ്ചാര മേഖലയിലെ നിരവധി പുരസ്കാരങ്ങളും ഇതിനോടകം കുമരകം സ്വന്തമാക്കിക്കഴിഞ്ഞു.