കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളജിലെ ബിടെക് കോഴ്‌സുകള്‍ക്ക് രാജ്യാന്തര അംഗീകാരം.


കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളജിലെ ബിടെക് കോഴ്‌സുകള്‍ക്ക് രാജ്യാന്തര അംഗീകാരം. അമല്‍ജ്യോതിയില്‍ ബിടെക് പഠിക്കുന്നവര്‍ക്ക് രണ്ടു വര്‍ഷത്തിനുശേഷം ഓസ്‌ട്രേലിയയിലെ ജെയിംസ് കുക്ക് യൂണിവേഴ്‌സിറ്റിയില്‍ പഠനം പൂര്‍ത്തിയാക്കി ബിരുദം നേടുവാന്‍ അവസരം ഒരുക്കിയിരിക്കുകയാണ് ജെയിംസ് കുക്ക് യൂണിവേഴ്‌സിറ്റി.

 

 അമല്‍ജ്യോതിയിലെ ബി ടെക് കോഴ്‌സുകളായ ഓട്ടോമൊബൈല്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, സിവില്‍, മെറ്റലര്‍ജി തുടങ്ങിയ കോഴ്‌സുകള്‍ക്ക് ജെയിംസ് കുക്ക് യൂണിവേഴ്‌സിറ്റിയില്‍ ബാച്ചിലര്‍ ഓഫ് എഞ്ചിനീയറിംഗില്‍ പഠനം തുടരുവാന്‍ സാധിക്കും. എഞ്ചിനീയറിംഗ് കോഴ്‌സുകള്‍ക്ക് സ്‌കോളര്‍ഷിപ്പുകളും ട്യൂഷന്‍ ഫീസ് ഇളവുകളും ലഭ്യമാണ്. എഞ്ചിനീയറിംഗ് പഠനത്തിനുശേഷം രണ്ടുവര്‍ഷത്തെ സ്റ്റേബാക്കും ലഭിക്കും. ജെയിംസ് കുക്ക് യൂണിവേഴ്‌സിറ്റിക്ക് ബ്രിസ്‌ബെയ്ന്‍, ടൗണ്‍സ്വില്‍, കെയിന്‍സ് എന്നിവടങ്ങളില്‍ കാമ്പസുകളുണ്ട്. കാഞ്ഞിരപ്പള്ളി രൂപതയുടെ നേതൃത്വത്തില്‍ 2001ല്‍ ആരംഭിച്ച അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജ് ഇതിനോടകം അധ്യാപന-ഗവേഷണ, ഇന്നവേഷന്‍ രംഗങ്ങളില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്.