കാറിൽ കോടികളുടെ ലഹരിമരുന്നുമായി ചങ്ങനാശ്ശേരി സ്വദേശിനിയായ നേഴ്‌സിങ് വിദ്യാർത്ഥിനിയടക്കം 2 പേർ പിടിയിൽ.


ചങ്ങനാശ്ശേരി: കാറിൽ കോടികളുടെ ലഹരിമരുന്നുമായി ചങ്ങനാശ്ശേരി സ്വദേശിനിയായ നേഴ്‌സിങ് വിദ്യാർത്ഥിനിയടക്കം 2 പേർ പിടിയിൽ. ചങ്ങനാശേരി സ്വദേശിനി വർഷ, ഏറ്റുമാനൂർ സ്വദേശി അമീർ മജീദ് എന്നിവരാണ് പിടിയിലായത്. തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസാണ് ഇരുവരെയും പിടികൂടിയത്.

 

 സംഘത്തിലെ കോട്ടയം സ്വദേശിയായ ഇജാസ് പോലീസിനെ വെട്ടിച്ചു കടന്നു കളഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്ക് കരിങ്ങാച്ചിറയിൽ പൊലീസിന്റെ വാഹനപരിശോധനയ്ക്കിടെയാണ് ഇവർ പിടിയിലായത്. കാറിൽ നിന്ന് 485ഗ്രാം എംഡിഎംഎ കണ്ടെത്തി. വാഹന പരിശോധനയ്ക്കായി കൈകാണിച്ചപ്പോൾ വാഹനം നിർത്താതെ പോകുകയായിരുന്നു. ഇതിൽ സംശയം തോന്നിയ പോലീസ് സംഘം കാറിനെ പിന്തുടരുകയായിരുന്നു. കൊച്ചിയിലെ ലഹരി മാഫിയക്കായി ബെംഗളൂരുവിൽനിന്ന് എംഡിഎംഎ കടത്തിയത് വർഷയാണെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചനകൾ. ബെംഗളൂരുവിൽ നഴ്സിങ് വിദ്യാർഥിനിയായ വർഷ ശനിയാഴ്ച രാവിലെ കോട്ടയത്ത്‌ എത്തി. തുടർന്ന് തലയോലപ്പറമ്പിലെത്തി സുഹൃത്തുക്കളോടൊപ്പം ലഹരിമരുന്ന് കൈമാറാൻ വരുന്നതിനിടെയാണ് പോലീസിന്റെ പിടിയിലായത്.