കുവൈത്ത് തീപിടിത്തം: മരിച്ചവരിൽ കോട്ടയം സ്വദേശിയുൾപ്പടെ 5 മലയാളികളെ തിരിച്ചറിഞ്ഞു.


കോട്ടയം: കുവൈത്ത് മംഗഫിലെ കമ്പനി ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരിൽ കോട്ടയം സ്വദേശിയുൾപ്പടെ 5 മലയാളികളെ തിരിച്ചറിഞ്ഞു. മലയാളികൾ അടക്കം 49 പേരുടെ മരണം സ്ഥിരീകരിച്ചു.

 

 കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിൻ എബ്രഹാം സാബു (29), പന്തളം സ്വദേശി ആകാശ് എസ്.നായർ (23), കൊല്ലം പൂയപ്പള്ളി സ്വദേശി ഉമറുദ്ദീൻ ഷമീർ (33), കാസർകോട് ചെർക്കള സ്വദേശി രഞ്ജിത് കുണ്ടടുക്കം, പത്തനംതിട്ട വാഴമുട്ടം സ്വദേശി പി.വി.മുരളീധരൻ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. മംഗഫ് ബ്ലോക്ക് നാലിൽ തൊഴിലാളികൾ താമസിക്കുന്ന എൻബിടിസി ക്യാംപിൽ ഇന്നു പുലർച്ചെ നാലരയോടെയായിരുന്നു തീപിടിത്തമുണ്ടായത്. പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടം. തീ പിടിത്തത്തെ തുടർന്നുണ്ടായ വിഷവാതകം ശ്വസിച്ചാണ് കൂടുതൽ പേരും മരിച്ചത്. അപകടം നടന്നത് രാവിലെ ആയതും മരണ സംഖ്യ ഉയരാൻ കാരണമായി. എൻബിടിസി കമ്പനിയിലെ തൊഴിലാളികളായ 195 പേർ ഇവിടെ താമസിച്ചിരുന്നു. കുവൈത്തിൽ തീപിടിത്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് കുവൈത്ത് അമീർ. ബന്ധുക്കൾ വിവരങ്ങൾ കൈമാറാൻ സ്ഥാനപതി കാര്യാലയം ഹെൽപ് ലൈൻ ആരംഭിച്ചിട്ടുണ്ട്. നമ്പർ–+965-65505246. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനുമടക്കം അനുശോചനം രേഖപ്പെടുത്തി.