സ്‌കൂളുകൾ പുകയിലരഹിമാക്കാൻ ജില്ലയിൽ കാമ്പയിൻ: ജില്ലാ കളക്ടർ.


കോട്ടയം: ജില്ലയിലെ എല്ലാ സ്‌കൂളുകളും പുകയിലരഹിതമാക്കാനുള്ള കാമ്പയിൻ ആരംഭിക്കുമെന്ന് ജില്ലാ കളക്ടർ വി. വിഗ്നേശ്വരി പറഞ്ഞു. പുകയില നിയന്ത്രണ പരിപാടിയുടെ ജില്ലാതലയോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടർ.

 

 വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നൂറുമീറ്റർ ചുറ്റളവിൽ പുകയിലയടക്കമുള്ള ലഹരിവസ്തുക്കളുടെ വിൽപനയും ഉപയോഗവും നിരോധിച്ചിട്ടുണ്ട്. നിരോധനം ലംഘിക്കുന്നവർക്കെതിരേ കർശന നടപടിയെടുക്കാൻ പൊലീസിന് നിർദേശം നൽകി. പൊലീസ്, എക്സൈസ് പരിശോധന ശക്തമാക്കും. പുകയിലരഹിതമാക്കാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ജൂൺ 31നകം സ്‌കൂളുകളിൽനിന്ന് വിവരശേഖരണം നടത്തും. ഇതനുസരിച്ച് സ്‌കൂളുകളിൽ പുകയിലവിരുദ്ധ കാമ്പയിൻ ശക്തിപ്പെടുത്തും. പുകയിലവിരുദ്ധബോധവത്കരണ പ്രചാരണ ബോർഡുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്ഥാപിക്കും. ജില്ലാതലത്തിൽ നിയോഗിക്കുന്ന പ്രത്യേക സംഘം സ്‌കൂളുകളുടെ പുകയില വിരുദ്ധ പ്രവർത്തനങ്ങൾ വിലയിരുത്തും. തുടർന്ന് പുകയിലരഹിത സ്‌കൂളായി പ്രഖ്യാപിച്ച് സർട്ടിഫിക്കറ്റ് നൽകും. എല്ലാ സ്‌കൂളുകളിലും ആരോഗ്യപരിശോധന നടത്താൻ ആരോഗ്യവകുപ്പിന് കളക്ടർ നിർദ്ദേശം നൽകി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർമാരായ ഡോ. പി.എൻ. വിദ്യാധരൻ, ഡോ. ജെസി ജോയി സെബാസ്റ്റിയൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ, ജില്ലാ ലേബർ ഓഫീസർ എം. ജയശ്രീ, കേരള വോളണ്ടറി ഹെൽത്ത് സർവീസസ് എക്സിക്യൂട്ടീവ് ഡയറക്ടർ സാജു വി. ഇട്ടി, ഡ്രഗ് ഇൻസ്പെക്ടർ താര എസ്. പിള്ള, ഡോ. എം.വി. കൃഷ്ണരാജ്, കെ.വി.എച്ച്.എസ്. പ്രോഗ്രാം ഓഫീസർ ആർ. സ്മിത, ഡോ. അന്നു തോമസ്, എസ്. ഷീന, ഷീബ ജോൺസൺ, റോഷൻ ടി. സേവ്യർ എന്നിവർ പങ്കെടുത്തു.