ചങ്ങനാശേരിയിൽ 4 വീടുകൾ കുത്തിത്തുറന്നു മോഷണം, 2.5 ലക്ഷം രൂപയും ഒന്നര പവൻ സ്വർണ്ണവും കവർന്നു.


ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയിൽ 4 വീടുകൾ കുത്തിത്തുറന്നു മോഷണം. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിക്കും നാലുമണിക്കും ഇടയിൽ മോഷണം നടന്നതായാണ് നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ചങ്ങനാശേരി പാറേൽ പള്ളിക്കു സമീപം കടമാൻചിറ ക്രൈസ്‌റ്റ് നഗറിൽ ആണ് മോഷണം നടന്നത്. പുതുപ്പറമ്പിൽ ജോസിയുടെ വീട്ടിൽ നിന്നും മോഷ്ടാക്കൾ ഭാര്യ സൗമ്യയ്ക്കു കാനഡയിൽ ജോലിക്കു പോകാൻ വിമാനടിക്കറ്റിനായി സൂക്ഷിച്ചിരുന്ന 2.5 ലക്ഷം രൂപയും ഒന്നര പവൻ സ്വർണ്ണവും അപഹരിച്ചു. സമീപത്തുണ്ടായിരുന്ന വീട്ടിലെ മേശയിൽ നിന്നും 900 രൂപയും മോഷണം പോയി. സമീപത്തെ രണ്ടു വീടുകളിൽ മോഷ്ടാക്കൾ മോഷണ ശ്രമം നടത്തിയെങ്കിലും വീട്ടുകാർ ഉണർന്നതിനാൽ ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു. സി സി ടി വി ദൃശ്യങ്ങളിൽ നിന്നും ലഭിച്ച വിവരമനുസരിച്ചു തമിഴ്‌നാട് സ്വദേശികളാണ് മോഷണം നടത്തിയതെന്നാണ് നിഗമനം. സൗമ്യയുടെ സർട്ടിഫിക്കറ്റുകളും ബാഗും വീടിനു പിന്നിൽ ഉപേക്ഷിച്ച നിലയിലായിൽ കണ്ടെത്തി. സംഭവത്തിൽ ചങ്ങനാശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് ഉദ്യോഗസ്ഥർ മോഷണം നടന്ന വീടുകളിൽ പരിശോധന നടത്തി.