കോട്ടയം ഇല്ലിക്കലിൽ ദിശ തെറ്റിച്ചെത്തിയ കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്.


കോട്ടയം: കോട്ടയം ഇല്ലിക്കലിൽ ദിശ തെറ്റിച്ചെത്തിയ കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്. ചേർത്തല സ്വദേശി ജോയിക്കാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് കോട്ടയം-കുമരകം റോഡിൽ ഇല്ലിക്കലിൽ അപകടം ഉണ്ടായത്. ദിശ തെറ്റിച്ചെത്തിയ കാർ ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. ചേർത്തലയിൽ നിന്നും ഇല്ലിക്കലിലെ മരണ വീട്ടിലേക്ക് ഭക്ഷണവുമായി എത്തിയതായിരുന്നു ഓട്ടോറിക്ഷ. ഓട്ടോയിൽ യാത്ര ചെയ്തിരുന്ന യാത്രക്കാരനും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷാ ഡ്രൈവറായ ജോയി റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം തിരുവാർപ്പ് സ്വദേശി ജോയിയുടെ കാറാണ് ദിശ തെറ്റിച്ചു എത്തി ഓട്ടോറിക്ഷയിൽ ഇടിച്ചത്. കാറിന്റെ ഡ്രൈവറെ നെഞ്ചു വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാരും വാപാരികളും യാത്രക്കാരും ചേർന്നാണ് അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.