കനത്ത മഴയിൽ ജില്ലയിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും, 7 വീടുകൾ ഉരുൾപ്പൊട്ടലിൽ തകർന്നു, കൃഷിയിടങ്ങളിലും നാശനഷ്ടം, ദുരിതപ്പെയ്ത്തിൽ വലഞ്ഞു കോട്ടയം.


കോട്ടയം: തിങ്കളാഴ്ച വൈകിട്ട് മുതൽ ആരംഭച്ച മഴ ചൊവ്വാഴ്ച പുലർച്ചയോടെ ശക്തി പ്രാപിക്കുകയായിരുന്നു. മഴ ശക്തമായതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായി. ഭരണങ്ങാനം വില്ലേജിൽ ഇടമറുക് ചൊക്കല്ല് ഭാഗത്താണ് ഉരുൾപൊട്ടലുണ്ടായത്.

 

 മേഖലയിൽ 7 വീടുകൾ തകർന്നു. തലനാട് മണ്ണിടിച്ചിലിൽ രണ്ട് വീടുകൾ തകർന്നു. ഈരാറ്റുപേട്ടയിലെ പാലായിലും കാഞ്ഞിരപ്പള്ളിയിലെ വിവിധ ഭാഗങ്ങളിൽ റോഡിലുൾപ്പടെ വെള്ളം കയറി. മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ഉയരുകയും നദീതീരങ്ങളിലേക്ക് വെള്ളം കയറുകയും ചെയ്തു. മേലുകാവ് പഞ്ചായത്തിലെ ഒമ്പതാം വാർഡിലെ കൈലാസ ഭാഗത്തുള്ള ആളുകളുടെ വീടുകൾക്കും കൃഷിയിടങ്ങൾക്കും നാശനഷ്ടമുണ്ടായി. നിരവധിപ്പേരുടെ വീടുകളിലേക്ക് മണ്ണും വെള്ളവും കയറി ഭാഗികമായി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പാലാ മേഖലയിൽ ചെത്തിമറ്റം, മൂന്നാനി പ്രദേശത്ത് വീടുകളിൽ വെള്ളം കയറിയത്തോടെ ആളുകളെ സുരക്ഷിതമായി മാറ്റിപ്പാർപ്പിച്ചു. ഈരാട്ടുപേട്ട നടക്കലിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പാലാ-കുറവിലങ്ങാട് റോഡിൽ വള്ളിച്ചിറയിൽ വെള്ളം കയറി. കാഞ്ഞിരപ്പള്ളി-മണിമല റോഡിൽ വെള്ളം കയറി. പാലാ-ഈരാറ്റുപേട്ട റോഡിൽ പനയ്‌ക്കപ്പാലത്ത് വെള്ളം കയറി. വെള്ളം കയറിയതോടെ വിവിധ റോഡുകളിൽ ഗതാഗതം തടസ്സപ്പെട്ടു.