കൺസ്യൂമർ ഫെഡിന്റെ ഉത്സവകാല ചന്തകൾ ഹൈക്കോടതി അനുമതി: വി എൻ വാസവൻ.


കോട്ടയം: കൺസ്യൂമർ ഫെഡിന്റെ ഉത്സവകാല ചന്തകൾ ഹൈക്കോടതി അനുമതിയോടെ ആരംഭിക്കുകയാണ് എന്ന് മന്ത്രി വി എൻ വാസവൻ. സഹകരണ ബാങ്കുകളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം 250 റംസാൻ വിഷു ചന്തകൾ തുടങ്ങാനായിരുന്നു തീരുമാനം. ഇതിനായി ഇലക്ഷൻ കമ്മീഷനോട് നേരത്തെ തന്നെ അനുമതി തേടിയിരുന്നു. എന്നാൽ കമ്മീഷൻ അനുമതി നിഷേധിച്ചതിനെ തുടർന്ന് കോടതിയെ സമീപിക്കുകയായിരുന്നു. ഹർജിയിൽ അനുകൂല തീരുമാനം വന്നതോടെയാണ് വിപണി ആരംഭിക്കുന്നത്. മൂന്നാഴ്ച മുമ്പാണ് കൺസ്യൂമർ ഫെഡ് റംസാൻ വിഷു ചന്തകൾക്ക് അപേക്ഷ നൽകിയത്. കണ്‍സ്യൂമര്‍ഫെഡിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ സംസ്ഥാനതല വിപണിയും സഹകരണസംഘങ്ങളുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ 7 താലൂക്ക് കേന്ദ്രങ്ങളിലും നടത്തുന്ന ചന്തയ്ക്കൊപ്പം എല്ലാ ത്രിവേണി സ്റ്റോറുകളിലും ചന്തകള്‍ ആരംഭിക്കുവാനായിരുന്നു തീരുമാനം. അത്  നിയമകുരുക്കുകളിൽ കുടുങ്ങി. 13 ഇനം സബ്സിഡി സാധനങ്ങള്‍ അടക്കം  അരി, പച്ചരി, പഞ്ചസാര, വന്‍പയര്‍, കടല, ഉഴുന്ന്, തുവരപരിപ്പ്, മുളക്, മല്ലി, വെളിച്ചെണ്ണ, ചെറുപയര്‍ തുടങ്ങിയവ സപ്ലൈകോ വിലയില്‍ വിപണിയിലെത്തിക്കാനായിരുന്നു കണ്‍സ്യൂമര്‍ഫെഡിന്റെ തീരുമാനം. ഒപ്പം പൊതുമാര്‍ക്കറ്റിനേക്കാള്‍ 10 ശതമാനം വിലക്കുറവില്‍ മറ്റ് നിത്യോപയോഗ സാധനങ്ങളും വിപണിയിലെത്തിക്കാനുള്ള നടപടികളും പൂര്‍ത്തിയാക്കിയിരുന്നു.29 രൂപ നിരക്കില്‍ ജയ അരിയും 30 രൂപയ്ക്ക് കുത്തരിയും ഉള്‍പ്പെടെ സാധനങ്ങള്‍ ലഭിക്കും. കണ്‍സ്യൂമര്‍ഫെഡിന്റെ ഗോഡൗണില്‍ നിന്നും ഓരോ സഹകരണസംഘത്തിനും ചന്തയ്ക്ക് ആവശ്യമായ സാധനങ്ങള്‍ ലഭ്യമാക്കുന്ന തീയതിയും സമയവും പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു. വിപണിയിലെ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ക്രമീകരണങ്ങൾ ഏര്‍പ്പെടുത്താനുള്ള നിര്‍ദ്ദേശവും സംഘങ്ങള്‍ക്ക് നല്‍കിയിരുന്നു. ഉത്സവ സീസണുകളില്‍ പതിവായി കണ്‍സ്യൂമര്‍ ഫെഡിന്റെയും സഹകരണ ബാങ്കിന്റെയും നേതൃത്വത്തില്‍ പ്രത്യേക ചന്തകള്‍ നടത്താറുണ്ട്. ഇതിന്റെ ഭാഗമായാണ് ഇത്തവണയും റംസാന്‍-വിഷു മുന്‍നിര്‍ത്തി ചന്തകള്‍ തുടങ്ങാന്‍ തീരുമാനിച്ചത്. കോടതി അനുവദിച്ചതോടെ ഉപഭോക്തൃ സംസ്ഥാനമായ കേരളത്ത് ഉത്സവകാലത്ത് വിലക്കയറ്റം തടഞ്ഞ് നിര്‍ത്തുവാന്‍ ഏറെ സഹായകരമാവുന്ന വിപണിയാണ് ഇപ്പോൾ എങ്കിലും സാധ്യമായത് എന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു.