പെരുന്നാൾ ദിനത്തിൽ എരുമേലി വാവർ പള്ളിയിൽ എത്തിയ ശബരിമല തീർത്ഥാടകർക്ക് ഈദിന്റെ മധുരമായി പായസം!


എരുമേലി: മാനവ മതമൈത്രിയുടെ ഈറ്റില്ലമായ എരുമേലിയിൽ ബുധനാഴ്ച അണിനിരന്നത് സാഹോദര്യത്തിന്റെ ഉദാത്തമായ കാഴ്ചയാണ്. ചെറിയ പെരുന്നാൾ ദിനമായ ബുധനാഴ്ച എരുമേലി വാവർ പള്ളിയിൽ എത്തിയ ശബരിമല തീർത്ഥാടകർ ഉൾപ്പടെയുള്ള മുഴുവൻ ആളുകൾക്കും ഈദിന്റെ മധുരമായി പായസം വിതരണം ചെയ്തു. മേടമാസ-വിഷു പൂജകൾക്കായി ശബരിമല നട തുറക്കുന്നതിനാൽ ശബരിമല ദർശനത്തിനു എത്തിയതായിരുന്നു അയ്യപ്പ ഭക്തർ. വാവർ സ്വാമിയേ വണങ്ങിയിറങ്ങിയ എല്ലാ തീർത്ഥാടകർക്കും പായസം വിതരണം ചെയ്തു. രാവിലെ നടന്ന എരുമേലി ജമാഅത്ത് പള്ളിയുടെ ഊഷ്മളമായ ഇഫ്താറിൽ എൻ ഡി എ പത്തനംതിട്ട ലോക്സഭാ മണ്ഡലം സ്ഥാനാർഥി അനിൽ കെ ആന്റണി പങ്കെടുത്തു. മേടമാസ-വിഷു പൂജകൾ പൂർത്തിയാക്കി ശബരിമല നട 18 നു രാത്രി 10 മണിക്ക് അടയ്ക്കും.