കോട്ടയം വെള്ളൂരിൽ ട്രെയിൻ തട്ടി രണ്ടു യുവാക്കൾ മരിച്ചു, അപകടം വടയാർ ആറ്റുവേല ഉത്സവം കണ്ട് മടങ്ങുന്നതിനിടെ.


വെള്ളൂർ: കോട്ടയം വെള്ളൂരിൽ ട്രെയിൻ തട്ടി രണ്ടു യുവാക്കൾ മരിച്ചു. വെള്ളൂർ ഗ്രാമപഞ്ചായത്ത് മൂത്തേടത്ത് വീട്ടിൽ മോഹനന്റെ മകൻ വൈഷ്ണവ്(21) എടക്കാട്ടുവയൽ പഞ്ചായത്ത് അഴകത്തൂർ മൂലേടത്ത് വീട്ടിൽ വേണുഗോപാലിന്റെ മകൻ ജിഷ്ണു വേണുഗോപാൽ(21) എന്നിവരെയാണ് പിറവം റോഡ് റെയിൽവേ സ്‌റ്റേഷനു സമീപം സ്രാംകുഴി കട്ടിംഗിനടുത്ത് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. വടയാർ ആറ്റുവേല ഉത്സവം കണ്ട് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. എതിരെ ട്രെയിൻ വരുന്നത് കണ്ട് തൊട്ടടുത്ത ട്രാക്കിലേക്കു മാറിയപ്പോൾ പിന്നിൽ നിന്നും വന്ന ട്രെയിൻ ഇടിച്ചാണ് അപകടം ഉണ്ടായതെന്ന് പറയപ്പെടുന്നു. മോഹനൻ-സിനി മോഹനൻ ദമ്പതികളുടെ മകനാണ് വൈഷ്ണവ്. വേണുഗോപാലിന്റെയും ദീപ്തിയുടെയും മകനാണ് ജിഷ്ണു വേണുഗോപാൽ. ഇരുവരും കോട്ടയം മംഗളം കോളജി‌ലെ ബിബിഎ വിദ്യാർഥികളാണ്.