വോട്ടുറപ്പിക്കാൻ കളരിച്ചുവടുമായി കോട്ടയം.


കോട്ടയം: വോട്ടുറപ്പിക്കാൻ കളരിപ്പയറ്റും മണ്ണിൽ നിന്നുയർന്ന ചൂണ്ടുവിരലുമായി സ്വീപിന്റെ ബോധവൽക്കരണം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ടർമാരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള പ്രചാരണപ്രവർത്തനങ്ങളുടെ ഭാഗമായാണ് തിരുനക്കര പ്രൈവസ്റ്റ് ബസ് സ്റ്റാൻഡ് ഗ്രൗണ്ടിൽ സ്വീപ്( സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യൂക്കേഷൻ ആൻഡ് ഇലക്ട്രറൽ പാർട്ടിസിപ്പേഷൻ) കുട്ടികളുടെയും മുതിർന്ന പൗരന്മാരുടേയും പങ്കാളിത്തത്തോടെ വേറിട്ട ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത്. പരിപാടിയോട് അനുബന്ധിച്ചു കുടമാളൂർ കോട്ടപ്പള്ളി സി.വി.എൻ. കളരിസംഘത്തിലെ വിദ്യാർഥികളും പരിശീലകരും ഒരുക്കിയ കളരിപ്പയറ്റ് അഭ്യാസം ശ്രദ്ധാകേന്ദ്രമായി. പഞ്ചഭൂതത്തിൽ കേന്ദ്രീകരിച്ചുകൊണ്ടുള്ള സ്വീപിന്റെ ബോധവൽക്കരണപരിപാടിയുടെ ഭാഗമായി മണ്ണ് അടിസ്ഥാനമാക്കിയ പ്രചാരണപരിപാടിയാണ് സംഘടിപ്പിച്ചത്്. മണ്ണിൽ ഒരുക്കിയ വോട്ട് മഷി പതിച്ച വിരലുള്ള കൈയുടെ രൂപവും ബോധവൽക്കരണപരിപാടിയെ വേറിട്ടതാക്കി. സ്വീപിന്റെ പ്രചാരണപരിപാടികളുടെ ഭാഗമായി അഗ്നി, വായു എന്നീ പഞ്ചഭൂതങ്ങളിൽ അടിസ്ഥാനമാക്കിയ പ്രചാരണപരിപാടികൾ ജില്ലാ ഭരണകൂടവും സ്വീപും ചേർന്നു സംഘടിപ്പിച്ചിരുന്നു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി, സബ് കളക്ടർ ഡി. രഞ്ജിത്ത്, സ്വീപ് നോഡൽ ഓഫീസർ എം.അമൽ മഹേശ്വർ, സ്വീപ് ജില്ലാ കോഡിനേറ്റർ വിപിൻ വർഗീസ് എന്നിവർ പങ്കെടുത്തു. ജില്ലാ കളക്ടർക്കും ഉദ്യോഗസ്ഥർക്കുമൊപ്പം സനേഹക്കൂട് അഭയമന്ദിരത്തിലെ അന്തേവാസികളും ബസേലിയസ് കോളജിലെ നാഷണൽ സർവീസ് സ്‌കീം വോളണ്ടിയർമാരും ഐ വോ്ട്ട് ഫോർ ഷുവർ എന്നെഴുതിയ പ്ലക്കാർഡുകളുമായി ബോധവൽക്കരണപരിപാടിയിൽ അണിനിരന്നു.