കോട്ടയം: ഇടതുമുന്നണിയുടെ വിജയം സുനശ്ചിതമായതിനാല്‍ യു.ഡി.എഫ് ക്യാമ്പില്‍ നിന്ന് കൂടുതല്‍ ആളുകള്‍ പുറത്തേക്ക് വന്നുകൊണ്ടിരിക്കുകയാണ് എന്ന് സഹകരണ-തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ. ഇതിന്റെ പ്രതിഫലനമാണ് കോട്ടയത്തും തിരുവനന്തപുരത്തും പത്തനംതിട്ടയിലുമെല്ലാം കണ്ടത് എന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിനുവേണ്ടി നിലകൊള്ളുന്നവര്‍ക്ക് അവിടെ തുടരാന്‍ ആവില്ല. ഇനിയും കൂടുതല്‍ നേതാക്കളും പ്രവര്‍ത്തകരും യു.ഡി.എഫ് പാളയം വിട്ട് പുറത്തേക്ക് വരികതന്നെ ചെയ്യും. വരും ദിവസങ്ങളില്‍ ജനാധിപത്യകേരളം അതിന് സാക്ഷിയാവും എന്നും വി എൻ വാസവൻ പറഞ്ഞു. ബി .ജെ.പി യെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിനോ യു.ഡി.എഫിനോ സാധിക്കുകയില്ലന്ന് അവരുടെ പ്രവര്‍ത്തകര്‍ മനസിലാക്കി കഴിഞ്ഞു. കോണ്‍ഗ്രസ് ആവട്ടെ തീര്‍ത്തും ദര്‍ബലമാണ്. അവരുടെ കൂടാരത്തില്‍ നിന്ന് ഒരോദിവസവും നേതാക്കളെ ബി ജെ പിക്ക് സംഭാവന നല്‍കികൊണ്ടിരിക്കുകയാണ്. അതിനെ പ്രതിരോധിക്കാന്‍ പോലും കഴിവില്ലാത്തവരായിക്കഴിഞ്ഞിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് യു ഡി എഫിന് വേണ്ടി മത്‌സരിക്കുന്നത് ഒരു അസ്ഥിത്വവും ഇല്ലാത്ത പാര്‍ട്ടിയാണ്. അവര്‍ക്ക് ഒരു ചിഹ്‌നമോ പാര്‍ട്ടി പതാകയോ ഇല്ല. പി സി തോമസിന്റെ രജിസ്‌ട്രേഷന്‍ കടം വാങ്ങിയാണ് ഇപ്പോള്‍ പാര്‍ട്ടിയെന്ന പേരില്‍ മുന്നോട്ടു പോകുന്നത്. നിലവില്‍ ആ പാര്‍ട്ടിയില്‍  ജനാധിപത്യപരമായ ഒരു പരിഗണനയും കിട്ടാത്തതുകൊണ്ടാണ് അക്കാര്യം പരസ്യമായി പറഞ്ഞുകൊണ്ട് ജില്ലാ പ്രസിഡന്റ് ആയിരുന്ന സജി മഞ്ഞകടമ്പന്‍ തന്റെ രാജി തീരുമാനം പ്രഖ്യാപിച്ചത് എന്നും വി എൻ വാസവൻ പറഞ്ഞു. കോട്ടയം ജില്ലയില്‍ ഇടതുപക്ഷത്തിന്റെ മുന്നേറ്റമാണ് ദൃശ്യമായിക്കൊണ്ടിരിക്കുന്നത്. യു.ഡി.എഫിനെ ആരു വിചാരിച്ചാലും രക്ഷിക്കാൻ പറ്റാത്ത സാഹചര്യമാണ്. അവർ സ്വയം വരുത്തിവച്ച വിനയാണിത് ജനങ്ങൾ അവരെ കയ്യൊഴിഞ്ഞു കഴിഞ്ഞു എന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു.