കോട്ടയം: ആരോഗ്യരംഗത്ത് പകരം വയ്ക്കാനില്ലാത്ത ഒട്ടേറെ നേട്ടങ്ങൾ രചിച്ച കോട്ടയം മെഡിക്കൽ കോളജിന്റെ ചികിത്സാ മികവിൽ മറ്റൊരു പൊൻതൂവൽ കൂടി. ഇന്ത്യയിലെ പ്രമുഖ ആശുപതികൾ പലരും കയ്യൊഴിഞ്ഞ കോൺട്രോസർക്കോമാ ബാധിച്ച യുവാവിന് കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ മികവിൽ അത്യഅപൂർവ്വ ശസ്ത്രക്രിയയിലൂടെ ആശ്വാസം. കോട്ടയം സ്വദേശിയായ ജോ ആന്റണിയ്ക്കാണ് (24) അതിസങ്കീര്‍ണമായ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. 43 കിലോ ഭാരമുള്ള ട്യൂമര്‍ ആണ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള മുഴുവന്‍ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. ജോ ആന്റണിയെ ഡിസ്ചാര്‍ജ് ചെയ്തു. ബികാം പഠനം കഴിഞ്ഞ് ലോജിസ്റ്റിക്ക് കോഴ്സും പൂർത്തിയാക്കി ജോലിയിൽ ഇരിക്കെ മൂന്നു വർഷം മുൻപാണ് ഈ രോഗബാധ ഉണ്ടായത്. അന്നുമുതൽ ഒരോ ആശുപത്രി കയറി ഇറങ്ങുകയായിരുന്നു ഇവർ. ശസ്ത്രക്രിയ സാധ്യമല്ല എന്ന് പറഞ്ഞ് മടക്കുകയായിരുന്നു എല്ലാവരും. ഒടുവിലാണ് കോട്ടയത്ത് എത്തിയത്. ശ്വാസകോശത്തിന്റെ ഒരുഭാഗവും വാരിയെല്ലുകളും നെഞ്ചിന്റെ ഇടതു ഭാഗവുമൊക്കെ നീക്കം ചെയ്യേണ്ടിവന്നു. അതെല്ലാം പ്ലാസ്റ്റിക്ക് സർജറിയിലൂടെ പൂർവ്വസ്ഥിതിയിലാക്കുകയായിരുന്നു. കാർഡിയോ തൊറാസിക്ക് വിഭാഗവും, പ്ലാസ്റ്റിക്ക് സർജറി വിഭാഗവും സംയുക്തമയാണ് മണിക്കുറുകൾ നീണ്ടുനിന്ന ശസ്ത്രക്രിയ നടത്തിയത്. ഡോക്ടർ ടി.കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള കാർഡിയോ തൊറാസിക്ക് ടീമിനു പുറമെ പ്ളാസ്റ്റിക്ക് സർജറി വിഭാഗത്തിലെ ഡോക്ടർമാരായ ലക്ഷ്മി, ആതിര എന്നിവരുടെ സംഘവും ഇതിൽ പങ്കാളികളായി. കേരളത്തിൽ ആദ്യമാണ് ഇത്തരത്തിൽ ഒരു ശസ്ത്രക്രിയ നടക്കുന്നത്. വെല്ലൂര്‍, മണിപ്പാല്‍ തുടങ്ങിയ ആശുപത്രികളില്‍ പോയെങ്കിലും ജീവന് ഭീഷണിയാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് അവരാരും ഏറ്റെടുത്തില്ല. അങ്ങനെയാണ് അവര്‍ കോട്ടയം മെഡിക്കല്‍ കോളേജിലെത്തുന്നത്. കഴിഞ്ഞ മാസം 25ന് ഏറെ വെല്ലുവിളികളുള്ള ശസ്ത്രക്രിയ 12 മണിക്കൂറോളമെടുത്താണ് പൂര്‍ത്തിയാക്കിയത്. 20 ലിറ്റര്‍ ഫ്‌ളൂയിഡും 23 ലിറ്റര്‍ മാംസവുമുള്ള ആകെ 43 കിലോ ഭാരമുള്ള ട്യൂമറാണ് നീക്കം ചെയ്തത്.