ആയുർവേദ ഡോക്ടർമാരായ ദമ്പതികളുടെയും സുഹൃത്തിനെയും മരണം: നാലാമതൊരാൾക്ക് മരണങ്ങളിൽ പങ്കില്ല, ആര്യക്ക് ലഭിച്ച ഇ-മെയിലുകള്‍ക്ക് പിന്നില്‍ നവീനെന്നാണ് സൂചന,


കോട്ടയം: കോട്ടയം സ്വദേശികളായ ആയുർവേദ ഡോക്ടർമാരായാ ദമ്പതികളുടെയും തിരുവനന്തപുരം സ്വദേശിനിയായ സുഹൃത്തിനെയും മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കോട്ടയം മീനടം സ്വദേശികളായ നവീൻ തോമസ് (39), ഭാര്യ ദേവി മാധവൻ (39) എന്നിവരെയും ഇരുവരുടെയും സുഹൃത്തും അധ്യാപികയുമായ ആര്യ (29) എന്നിവരാണ് അരുണാചലിന്റെ തലസ്ഥാനമായ ഇറ്റാനഗറിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂവരുടെയും മരണങ്ങളിൽ നാലാമതൊരാൾക്ക് പങ്കില്ലെന്ന് പോലീസ്. ആര്യക്ക് ലഭിച്ച ഇ-മെയിലുകള്‍ക്ക് പിന്നില്‍ നവീനെന്നാണ് സൂചനഎന്നും അന്വേഷണ സംഘം. നവീൻ കടുത്ത അന്ധ വിശ്വാസിയായിരുന്നു. തുടർന്ന് ഭാര്യ ദേവിയെയും ഭാര്യയുടെ സുഹൃത്ത് ആര്യയെയും തന്റെ വഴിയിൽ എത്തിക്കുകയായിരുന്നു. അന്യഗ്രഹങ്ങളെ കുറച്ചു പഠിക്കുകയും വായിക്കുകയും ചെയ്തിരുന്ന ആര്യയെ നവീന് തന്റെ പാതയിലേക്ക് എത്തിക്കാൻ പ്രയാസം നേരിട്ടില്ല. മറ്റൊരു ഇ മെയിൽ വിലാസത്തിൽ നിന്നും ആര്യയ്ക്ക് മെയിലുകൾ അയച്ചത് നവീൻ തന്നെയാണെന്നാണ് സൂചനയെന്നു അന്വേഷണ സംഘം പറഞ്ഞു. മരണത്തിനായി അരുണാചൽ പ്രദേശ് തെരഞ്ഞെടുത്തത് ഇവരുടെ വിശ്വാസത്തിന്റെ ഭാഗമായാണെന്നും പോലീസ് പറഞ്ഞു. മരിച്ച നവീന്‍റെ കാറില്‍ നിന്ന് പൊലീസ് പ്രത്യേകതരത്തിലുള്ള കല്ലുകളും ചിത്രങ്ങളും കണ്ടെടുത്തു. കാർ ഇവർ തിരുവനന്തപുരം വിമാനത്താവളത്തിൽ പാർക്ക് ചെയ്ത ശേഷമാണ് അരുണാചലിലേക്ക് പോയത്.