കോട്ടയം: രാജി വെച്ച യു ഡി എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ പാലായിൽ ജോസഫ് വിഭാഗത്തിന്റെ ഓഫീസിൽനിന്ന് മാണിയുടെ ചിത്രം തിരിച്ചെടുത്തു. താന്‍ ഇവിടെ ഒരു വസ്തുവെച്ചിട്ടുണ്ടെന്നും അത് എടുത്തുകൊണ്ടുപോകുകയാണെന്നും പറഞ്ഞാണ് സജി പാര്‍ട്ടി ഓഫീസിലെത്തി മാണിയുടെ ചിത്രം കൊണ്ടുപോയത്. ‘മാണി സാറുമായുള്ള ബന്ധം വൈകാരികമാണ്. നാളെ മാണിസാറിന്റെ ചരമദിനമാണ്. അദ്ദേഹത്തിന്റെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തണം’, സജി പറഞ്ഞു. താൻ വീട്ടിൽ സൂക്ഷിച്ച മാണിസാറിന്റെ ചിത്രം ആണ് തിരിച്ചെടുത്തതെന്നും പാർട്ടി വിടും മുൻപ് എടുക്കണം എന്ന് കരുതിയെങ്കിലും നടന്നില്ലെന്നും സജി പറഞ്ഞു. ഇതോടെ സജി മഞ്ഞക്കടമ്പിൽ കേരളാ കോൺഗ്രസ്സ് ജോസ് വിഭാഗത്തിനൊപ്പം ചേർന്നേക്കുമെന്ന അഭ്യൂഹം ശക്തമായി. മോൻസ് ജോസഫ് എം.എൽ.എയുടെ ഏകാധ്യപത്യ പ്രവണതകളിൽ പ്രതിഷേധിച്ചാണ് സജി മഞ്ഞക്കടമ്പിൽ രാജി വെച്ചത്.