ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മണ്ഡലമായി കോട്ടയം, പോരാട്ടം ഇടത്-വലത് മുന്നണികളിലെ കേരളാ കോൺഗ്രസ്സുമായി, നിർണായകമായ ഒരു രാഷ്ട്രീ


കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മണ്ഡലങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് കോട്ടയം ലോക്സഭാ മണ്ഡലം. പോരാട്ടം ഇടത്-വലത് മുന്നണികളിലെ കേരളാ കോൺഗ്രസ്സുകാരുടെ പോരാട്ടം തന്നെയാണ് കോട്ടയം മണ്ഡലത്തെ ശ്രദ്ധാ കേന്ദ്രമാക്കിയിരിക്കുന്നത്. ഇരു മുന്നണികളിലും സ്ഥാനാർഥികളായി മത്സരിക്കുന്നത് കേരളാ കോൺഗ്രസ്സ് പാർട്ടിയുടെ സാരഥികളാണ്. കോട്ടയം ലോക്സഭാ മണ്ഡലത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി കേരളാ കോൺഗ്രസ്സ് എമ്മിന്റെ തോമസ് ചാഴികാടനും യു ഡി എഫ് സ്ഥാനാർത്ഥിയായി കേരളാ കോൺഗ്രസ്സിന്റെ ഫ്രാൻസിസ് ജോർജ്ജുമാണ് മത്സര രംഗത്തുള്ളത്. ഇരുമുന്നണികളും കോട്ടയത്താണ് 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതും. അന്ന് മുതൽ ആരംഭിച്ച ശക്തമായ പോരാട്ടത്തിൽ നേട്ടങ്ങളുടെയും കോട്ടങ്ങളുടെയും കണക്കുകൾ ഇരു മുന്നണികളും നിരത്തുമ്പോൾ ജനവിധി ആർക്കൊപ്പം എന്ന് കണ്ടു തന്നെ തീരുമാനിക്കണം. നിലവിലെ എം പി യായ തോമസ് ചാഴികാടൻ കോട്ടയത്ത് തുടരുമോ ഇടുക്കിയിൽ നിന്നുമെത്തിയ ഫ്രാൻസീസ് ജോർജ് കോട്ടയത്തെ നയിക്കുമോ എന്നുള്ള ചോദ്യങ്ങളാണ് കൂടുതലായും ഇപ്പോൾ ഉയർന്നു കേൾക്കുന്നത്. ഇടുക്കി മുൻ എം പിയായിരുന്നു ഫ്രാൻസിസ് ജോർജ്. 1999ലും 2004ലും ഇടുക്കിയില്‍ നിന്ന് ഫ്രാന്‍സിസ് ജോര്‍ജ് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2016ലും 2021-ലും ഇടുക്കി നിയമസഭയിലേക്ക് മത്സരിച്ച അദ്ദേഹം റോഷി അഗസ്റ്റിനോട് പരാജയപ്പെട്ടു. കേരള കോൺഗ്രസിന്‍റെ സ്ഥാപക നേതാവും ആദ്യ അധ്യക്ഷനുമായ കെ.എം. ജോർജിന്റെ മകനാണ് ഫ്രാൻസിസ് ജോർജ്.  44 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലോക്സഭ തെരഞ്ഞെടുപ്പില്‍ രണ്ട് കേരളാ കോണ്‍ഗ്രസുകാര്‍ നേര്‍ക്കുനേര്‍ മത്സരിക്കുന്നത്. 1980 ലാണ് അവസാനമായി കേരളാ കോൺഗ്രസ് മാണി വിഭാഗവും ജോസഫ് വിഭാഗവും തമ്മിൽ ഏറ്റുമുട്ടുന്നത്. അന്നും കേരളാ കോൺഗ്രസ് എം ഇടതുമുന്നണിയിലും, ജോസഫ് വിഭാഗം യുഡിഎഫിലുമായിരുന്നു. അന്ന് വിജയം നേടിയത് യു ഡി എഫ് ആയിരുന്നു. 1991ൽ ഇളയ സഹോദരൻ ബാബുവിന്റെ മരണത്തിന് പിന്നാലെയാണ് തോമസ് ചാഴികാടൻ രാഷ്ട്രീയത്തിൽ എത്തുന്നത്. കെ എം മാണിയാണ് തോമസ് ചാഴികാടനെ രാഷ്ട്രീയത്തിൽ എത്തിക്കുന്നത്. 1991,1996,2001,2006 തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി നിയമസഭയിലെത്തി.2011ലും 2016 ലും നിയമസഭ തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടു. 2019ലെ പാര്‍ലമെന്റെ തെരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലത്തില്‍ നിന്നും വിജയിച്ചു. അന്ന് കേരളാ കോൺഗ്രസ്സ് (എം) യു ഡി എഫ് പക്ഷത്തായിരുന്നു.