കോട്ടയം: അരുണാചൽപ്രദേശിൽ കോട്ടയം സ്വദേശികളായ ദമ്പതികളെയും സുഹൃത്തായ അധ്യാപികയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണ സംഘങ്ങൾക്ക് കൂടുതൽ തെളിവുകൾ ലഭിച്ചു. മരണാനന്തരം എന്തു സംഭവിക്കും, മരണാനന്തരം ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ, മരണത്തിനുശേഷമുള്ള അധ്യാത്മിക കാര്യങ്ങൾ എന്നിവയാണ് ഇവർ കൂടുതലായും ഗൂഗിളിൽ തെരഞ്ഞത്. അതോടൊപ്പം ശരീരത്തിൽനിന്ന് ആത്മാവിനെ മോചിപ്പിക്കുന്ന ആസ്ട്രൽ പ്രൊജക്‌ഷനെക്കുറിച്ചു നവീൻ പരതിയത് ടെലഗ്രാമിലെ ഗ്രൂപ്പുകളിൽ ആണെന്നും പോലീസ് കണ്ടെത്തി. സാത്താൻ സേവയുമായി ബന്ധപ്പെട്ട ഗ്രൂപ്പുകളിൽ നവീൻ അംഗം ആയിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. നവീനാണ് ഭാര്യ ദേവിയെയും ഭാര്യയുടെ സുഹൃത്ത് ആര്യയെയും പുനർജന്മത്തിലും മറ്റൊരു ലോക വാസ ജീവിതത്തിലും വിശ്വസിപ്പിച്ചത്. മൂവരും ആത്മഹത്യയിലൂടെ പുനർജ്ജന്മം സാധ്യമാക്കാനായി തീരുമാനിക്കുകയായിരുന്നു എന്നാണു പോലീസ് നിഗമനം. മൂവരും ആത്മഹത്യ ചെയ്തതാണെന്ന് പ്രാഥമിക നിഗമനത്തിനൊപ്പം കൊലപാതക സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. മന്ത്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സംഘടനയിൽ ഇരുവരും അംഗങ്ങളായിരുന്നു. നവീനും ദേവിയും ആര്യയെ കുടുക്കിയതാണെന്നാണ് ബന്ധുക്കളുടെ ബലമായ സംശയം. ആര്യക്ക് ദേവിയും നവീനുമായി അടുത്ത ബന്ധമുണ്ടെന്നും ഇവർക്ക് സാത്താൻ സേവയുണ്ടെന്നും ആര്യയുടെ ബന്ധുക്കൾ അറിഞ്ഞിരുന്നു. അരുണാചൽ പ്രദേശിലെ സിറോയിൽ ആഭിചാരം നടത്തുന്നവരുടെ കൺവെൻഷൻ നടന്നിരുന്നതായി പോലീസ് കണ്ടെത്തി. ഇവർ മൂവരും ഈ കൺവെൻഷനിൽ പങ്കെടുത്തതായാണ് പോലീസ് സംശയിക്കുന്നത്. മരണസമയത്ത് ദേവിയും ആര്യയും കറുത്ത കല്ല് പതിച്ച കൈവള ധരിച്ചിരുന്നത് ആഭിചാരക്രിയകളുടെ ഭാഗമെന്ന സംശയത്തിലാണ് പോലീസ്.  കോട്ടയം മീനടം സ്വദേശികളായ നവീൻ തോമസ് (39), ഭാര്യ ദേവി മാധവൻ (39) എന്നിവരെയും ഇരുവരുടെയും സുഹൃത്തും അധ്യാപികയുമായ ആര്യ (29) എന്നിവരാണ് അരുണാചലിന്റെ തലസ്ഥാനമായ ഇറ്റാനഗറിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തില്‍  മുറിവുണ്ടാക്കാന്‍ ഉപയോഗിച്ച മൂന്ന് സ്റ്റെയിന്‍ലെസ് സ്റ്റീല്‍ റേസര്‍ ബ്ലേഡുകളും പോലീസ് ഇവരുടെ മുറിയിൽ നിന്നും കണ്ടെത്തിയിരുന്നു.