എരുമേലി തുലാപ്പള്ളിയിൽ വീട്ടുമുറ്റത്ത് കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു, പ്രതിഷേധിച്ചു നാട്ടുകാർ.


എരുമേലി: എരുമേലി തുലാപ്പള്ളിയിൽ വീട്ടുമുറ്റത്ത് കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പമ്പാവാലി തുലാപ്പള്ളി സംഭവം. പുളിക്കുന്നത്ത് മലയിൽ കുടിലിൽ ബിജു (50) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളിലായി ഇവിടെ കാട്ടാനയുടെ ശല്യം ഉണ്ടായിരുന്നു. തിങ്കളാഴ്ച പുലർച്ചെ 1 മണിയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് ശബ്ദം കേട്ട് പുറത്തിറങ്ങിയതായിരുന്നു ബിജു. കാട്ടാനയെ ഓടിക്കാൻ ശ്രമിച്ചതോടെ ആന പാഞ്ഞു വന്നു കുത്തി വീഴ്ത്തുകയായിരുന്നു. സംഭവത്തിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. തുലാപ്പള്ളി ടാക്സി സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറാണ് ബിജു. വിവരമറിഞ്ഞ് പമ്പ പൊലീസും കണമല വനം സ്റ്റേഷനിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. നാട്ടുകാര്‍ മൃതദേഹം സ്ഥലത്തുനിന്നും മാറ്റാന്‍ പൊലീസിനെ അനുവദിച്ചില്ല. കലക്ടർ ഉൾപ്പെടെയുള്ളവർ എത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.