കാട്ടാനയുടെ ആക്രമണം: ബിജുവിന്റെ മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി, കുടുംബത്തിന് അർഹമായ സഹായം നൽകുമെന്ന് ജില്ലാ കളക്ടർ.


എരുമേലി: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട തുലാപ്പള്ളി സ്വദേശിയയായ ബിജുവിന്റെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹവുമായി നാട്ടുകാർ പ്രദേശത്ത് ശക്തമായ പ്രതിഷേധം നടത്തിയിരുന്നു. തുടർന്ന് ജില്ലാ കളക്ടറുടെയും ജില്ലാ പോലീസ് മേധാവിയുടെയും നേതൃത്വത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എത്തി നാട്ടുകാരുമായി ചർച്ച നടത്തിയതിനു ശേഷമാണ് മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. പുളിക്കുന്നത്ത് മലയിൽ കുടിലിൽ ബിജു (50) ആണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെ 1 മണിയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് ശബ്ദം കേട്ട് പുറത്തിറങ്ങിയതായിരുന്നു ബിജു. കാട്ടാനയെ ഓടിക്കാൻ ശ്രമിച്ചതോടെ ആന പാഞ്ഞു വന്നു കുത്തി വീഴ്ത്തുകയായിരുന്നു. കുടുംബത്തിന് അർഹമായ സഹായം നൽകുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.