സർവ്വീസിൽ നിന്നും വിരമിക്കുന്നതിന്റെ ആഘോഷങ്ങൾ ഒഴിവാക്കി, 20 വിദ്യാർഥികൾക്കു ബിഎസ്എൻഎൽ ഫൈബർ കണക്‌ഷൻ സൗജന്യമായി നൽകി ബിഎസ്എൻഎൽ ജീവനക്കാരൻ.


കാഞ്ഞിരപ്പള്ളി: സർവ്വീസിൽ നിന്നും വിരമിക്കുന്നതിന്റെ ആഘോഷങ്ങൾ ഒഴിവാക്കി 20 വിദ്യാർഥികൾക്കു ബിഎസ്എൻഎൽ ഫൈബർ കണക്‌ഷൻ സൗജന്യമായി നൽകി ബിഎസ്എൻഎൽ ജീവനക്കാരൻ. കാഞ്ഞിരപ്പള്ളി ബിഎസ്എൻഎൽ കസ്റ്റമർ സർവീസ് സെന്ററിൽ സീനിയർ ക്ലാർക്കായിരുന്ന ചിറക്കടവ് പറപ്പള്ളിക്കുന്നേൽ പി.എൻ സോജൻ ആണ് തന്റെ റിട്ടയർമെന്റ് ആഘോഷങ്ങൾ ഒഴിവാക്കി 20 വിദ്യാർഥികൾക്കു ഒരു വർഷത്തേക്ക് ബിഎസ്എൻഎൽ ഫൈബർ കണക്‌ഷൻ സൗജന്യമായി നൽകാൻ തീരുമാനിച്ചത്. നാട്ടിലെ പൊതുപ്രവർത്തകരുടെ സഹായത്തോടെയാണ് അർഹരായവരുടെ പട്ടിക തയാറാക്കി പരിശോധിച്ചാണു  വിദ്യാർഥികളെ കണ്ടെത്തിയത്. 42 വർഷകാലത്തെ സേവനത്തിനു ശേഷമാണ് സോജൻ വിരമിക്കുന്നത്. 1982 ലാണ് കാഞ്ഞിരപ്പള്ളിയിൽ ജോലിയിൽ പ്രവേശിക്കുന്നത്. 42 വർഷത്തിനു ശേഷം കാഞ്ഞിരപ്പള്ളിയിൽ നിന്നു തന്നെയാണ് പടിയിറക്കവും. പിണ്ണാക്കനാട്,  പൊൻകുന്നം, വാഴൂർ,  ചേനപ്പാടി, കൂട്ടിക്കൽ, മുണ്ടക്കയം, കോരുത്തോട്, ഏരുമേലി, കൂവപ്പള്ളി, ചെങ്ങളം, കുറ്റിക്കൽ, മുക്കുട്ടുതറ, അയർക്കുന്നം, കോട്ടയം തുടങ്ങി വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്തിരുന്നു. 2000- ൽ ബി എസ് എൻ എൽ രൂപീകരിക്കുന്നതിനു മുൻപ് ഓൾ ഇന്ത്യാ ടെലികോം എൻജിനീയറിംഗ് എംപ്ലോയീസ് യൂണിയൻ (എൻ എഫ് പി ടി ഇ) ഇ ഫോർ വിഭാഗത്തിൻ്റെ സംസ്ഥാന അസി. സെക്രട്ടറി, ജില്ലാ ട്രഷറർ, എൻ എഫ് പി റ്റി ഇ  ലോക്കൽ കോ-ഓർഡിനേഷൻ കമ്മറ്റി കൺവീനർ എന്നീ ചുമതലകൾ നിർവഹിച്ചു. ബി എസ് എൻ എൽ എംപ്ലോയീസ് യൂണിയൻ്റെ ബ്രാഞ്ച് സെക്രട്ടറി, ജില്ലാ പ്രസിഡൻ്റ് ,  ബി എസ് എൻ എൽ ജില്ലാ വെൽഫയർ ബോർഡ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. ഇപ്പോൾ ബി എസ് എൻ എൽ എംപ്ലോയീസ് യൂണിയൻ്റെ ജില്ലാ സെക്രട്ടറി, കോട്ടയം താരാപദ ട്രസ്റ്റ് ചെയർമാൻ,  ബി എസ് എൻ എൽ കോട്ടയം ലോക്കൽ കൗൺസിലിൽ സ്റ്റാഫ് സൈഡ് സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു. ചിറക്കടവ് ഗ്രാമദീപം വായനശാല സെക്രട്ടറി, റസിഡൻസ് അസോസിയേഷൻ ജോ. സെക്രട്ടറി, കാഞ്ഞിരപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് , പുരോഗമന കലാ സാഹിത്യ സംഘം വാഴൂർ ഏരിയാ കമ്മറ്റിയംഗം, നെഹൃ മെൻസ് ഗ്രൂപ്പ് ട്രഷറർ  എന്നീ സ്ഥാനങ്ങളും വഹിക്കുന്നുണ്ട്.