ലോക്സഭാ ഇലക്ഷൻ 2024: പ്രചാരണച്ചൂടിൽ കോട്ടയം, ജില്ല പങ്കിടുന്നത് 3 ലോക്സഭാ മണ്ഡലങ്ങൾ... കൂടുതൽ വായിച്ചറിയാം!


കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതോടെ പ്രചാരണ ചൂടിലാണ് കോട്ടയം. ഏഴു ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിൽ രണ്ടാം ഘട്ടത്തിലാണ് കേരളത്തിൽ വോട്ടെടുപ്പ് നടക്കുക. ഏപ്രിൽ 26 നാണു കേരളത്തിൽ വോട്ടെടുപ്പ്. തീയതികൾ കൃത്യമായതോടെ ഇനിയുള്ള ദിവസങ്ങൾ മുന്നണികൾക്ക് പ്രചാരണ പോരാട്ടത്തിന്റെ ദിനങ്ങളാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 20 സീറ്റുകളാണുള്ളത്. എൽ ഡി എഫ്, യുഡി എഫ്, ബി ജെ പി മുന്നണികൾ സ്ഥാനാർത്ഥികളെ ഇതിനോടകം തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. കോട്ടയം ജില്ലയുടെ വിവിധ മേഖലകളിൽ മുന്നണികൾ പ്രചാരണം ശക്തമാക്കിക്കഴിഞ്ഞു. മലയോര-പടിഞ്ഞാറൻ മേഖലകൾ ഉൾപ്പടെയുള്ള കോട്ടയം ജില്ലയിൽ ജില്ല പങ്കിടുന്നത് 3 ലോക്സഭാ മണ്ഡലങ്ങളാണ്. കോട്ടയം ലോക്സഭാ മണ്ഡലം, പത്തനംതിട്ട ലോക്സഭാ മണ്ഡലം, മാവേലിക്കര ലോക്സഭാ മണ്ഡലം എന്നിങ്ങനെയാണ് ജില്ല പങ്കിടുന്ന 3 ലോക്സഭാ മണ്ഡലങ്ങൾ. മൂന്നു മണ്ഡലങ്ങളിലും മുന്നണികൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. 

കോട്ടയം ലോക്സഭാ മണ്ഡലം: 

കോട്ടയം ജില്ലയിലെ 6 നിയമസഭാ മണ്ഡലങ്ങളും എറണാകുളം ജില്ലയിലെ ഒരു നിയമസഭാ മണ്ഡലവും കോട്ടയം ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിലാണ് വരുന്നത്. 

എറണാകുളം ജില്ലയിലെ പിറവം, കോട്ടയം ജില്ലയിലെ പാല‍‍‍, കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂർ‍, കോട്ടയം, പുതുപ്പള്ളി എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ കോട്ടയം ലോകസഭാ നിയോജകമണ്ഡലം. 

പത്തനംതിട്ട ലോക്സഭാ മണ്ഡലം:

കോട്ടയം ജില്ലയിലെ 2 നിയമസഭാ മണ്ഡലങ്ങളും പത്തനംതിട്ട ജില്ലയിലെ 5 നിയമസഭാ മണ്ഡലങ്ങളും പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിലാണ് വരുന്നത്. 

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ‍‍, പത്തനംതിട്ട ജില്ലയിലെ തിരുവല്ല, റാന്നി, ആറൻമുള, കോന്നി, അടൂർ‍ എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ പത്തനംതിട്ട ലോകസഭാ നിയോജകമണ്ഡലം. 2008-ലെ മണ്ഡലം പുനഃക്രമീകരണത്തിൽ രൂപികൃതമായ മണ്ഡലമാണിത്. 

മാവേലിക്കര ലോക്സഭാ മണ്ഡലം:

കോട്ടയം ജില്ലയിലെ ഒരു നിയമസഭാ മണ്ഡലവും ആലപ്പുഴ ജില്ലയിലെ 3 നിയമസഭാ മണ്ഡലങ്ങളും കൊല്ലം ജില്ലയിലെ 3 നിയമസഭാ മണ്ഡലങ്ങളും മാവേലിക്കര ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിലാണ് വരുന്നത്. 

കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി, ആലപ്പുഴ ജില്ലയിലെ കുട്ടനാട്‍‍‍, മാവേലിക്കര, ചെങ്ങന്നൂർ, കൊല്ലം ജില്ലയിലെ കുന്നത്തൂർ ,കൊട്ടാരക്കര, പത്തനാപുരം എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ മാവേലിക്കര ലോകസഭാ നിയോജകമണ്ഡലം.