ലോക്സഭാ തെരഞ്ഞെടുപ്പ്: ആവേശപ്പോരാട്ടത്തിനൊരുങ്ങി പത്തനംതിട്ട, പ്രവർത്തനങ്ങൾ ശക്തമാക്കി മുന്നണികൾ, മണ്ഡലം രൂപീകൃതമായതുമുതൽ വിജയിച്ചിരിക്കുന്നത് യു ഡി എ

എരുമേലി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ആവേശപ്പോരാട്ടത്തിനൊരുങ്ങി പത്തനംതിട്ട ലോക്സഭാ മണ്ഡലം. കോട്ടയം ജില്ലയിലെ 2 നിയമസഭാ മണ്ഡലങ്ങളും പത്തനംതിട്ട ജില്ലയിലെ 5 നിയമസഭാ മണ്ഡലങ്ങളും പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിലാണ് വരുന്നത്. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ‍‍, പത്തനംതിട്ട ജില്ലയിലെ തിരുവല്ല, റാന്നി, ആറൻമുള, കോന്നി, അടൂർ‍ എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ പത്തനംതിട്ട ലോകസഭാ നിയോജകമണ്ഡലം. 2008-ലെ മണ്ഡലം പുനഃക്രമീകരണത്തിൽ രൂപികൃതമായ മണ്ഡലമാണിത്. നിലവിൽ യു ഡി എഫ് സാരഥിയായ ആന്റോ ആന്റണിയാണ് പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ പ്രതിനിധീകരിക്കുന്നത്. മണ്ഡലത്തിൽ 2009 ൽ നടന്ന ആദ്യ തെരഞ്ഞെടുപ്പ് മുതൽ ആന്റോ ആന്റണിയാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. 2009,2014,2019 വർഷങ്ങളിൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ആന്റോ ആന്റണിയാണ് വിജയിച്ചത്. 2009 ൽ ആന്റോ ആന്റണി 408232 വോട്ടുകൾ നേടിയാണ് വിജയിച്ചത്. അന്ന് എൽ ഡി എഫ് സ്ഥാനാർത്ഥിയായി കെ അനന്തഗോപനും ബിജെപി സ്ഥാനാർത്ഥിയായി ബി രാധാകൃഷ്ണ മേനോനുമായിരുന്നു മത്സര രംഗത്ത് ഉണ്ടായിരുന്നത്. കെ അനന്തഗോപൻ 297026 വോട്ടും ബി രാധാകൃഷ്ണ മേനോൻ 56294 വോട്ടുകൾക്കാണ് നേടിയത്. 



2014 ൽ നടന്ന തെരഞ്ഞെടുപ്പിൽ ആന്റോ ആന്റണി 358842 വോട്ടുകൾ നേടി വിജയിച്ചപ്പോൾ എൽ ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ഫിലിപ്പോസ് തോമസ് 302651 വോട്ടുകൾ നേടി. ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച എം ടി രമേശ് 138954 വോട്ടുകൾ നേടി. 2009 ൽ നിന്നും 2014 ൽ എത്തുമ്പോൾ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ എൽ ഡി എഫും ഒപ്പം ബിജെപി യും നില മെച്ചപ്പെടുത്തിയ കാഴ്ചയാണ് കാണാനാകുന്നത്. യു ഡി എഫിന്റെ വോട്ടുകൾ കുറഞ്ഞിരുന്നു. 



2019 ലെ തെരഞ്ഞെടുപ്പിൽ ആന്റോ ആന്റണി 380927 വോട്ടുകൾ നേടി. എതിരെ സ്ഥാനാർഥികളായി മത്സരിച്ച എൽ ഡി എഫ് സാരഥിയായിരുന്ന വീണാ ജോർജ് 336684 വോട്ടുകളും ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച കെ സുരേന്ദ്രൻ 297396 വോട്ടുകളും നേടിയിരുന്നു. 2019 ലെ തെരഞ്ഞെടുപ്പിൽ 158442 വോട്ടുകളാണ് 2014 ലെ തെരഞ്ഞെടുപ്പിനേക്കാൾ കൂടുതലായി ബിജെപി നേടിയത്. 



അതേസമയം 34000 വോട്ടുകളുടെ വർദ്ധനവ് മാത്രമാണ് എൽ ഡി എഫിന് ഉണ്ടായത്. യു ഡി എഫിന്റെ ഭൂരിപക്ഷം കുറഞ്ഞു വരുമ്പോൾ നില മെച്ചപ്പെടുത്തിയ എൽ ഡി എഫിനേക്കാൾ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ കൂടുതൽ നേട്ടമുണ്ടാക്കിയത് ബിജെപി യാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ശബരിമല വിഷയത്തെ കഴിഞ്ഞ തവണ ബിജെപി യുടെ ഏറ്റവും വലിയ പ്രചാരണ ആയുധമായിരുന്നു. കഴിഞ്ഞ തവണ ഇതിലൂടെ എൽ ഡി എഫിന്റെയും യു ഡി എഫിന്റെയും വോട്ടുകൾ ചോർന്നിരുന്നു. 2009 ലെ തിരഞ്ഞെടുപ്പിൽ 111206 ഭൂരിപക്ഷം നേടിയ ആന്റോ ആന്റണി 2014ലെ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം 56191 വോട്ടായി കുറഞ്ഞു. കഴിഞ്ഞ തവണ ഭൂരിപക്ഷം 44243 വോട്ടായി കുറയുകയായിരുന്നു. ഇത്തവണ എൽ ഡി എഫ് സ്ഥാനാർത്ഥിയായി ഡോ.ടി എം തോമസ് ഐസക്കും ബിജെപി സ്ഥാനാർത്ഥിയായി അനിൽ കെ ആന്റണിയുമാണ് മത്സര രംഗത്തുള്ളത്. കഴിഞ്ഞ രണ്ടു തവണയും യു ഡി എഫിന്റെ ഭൂരിപക്ഷം കുറയ്ക്കാനായതിന്റെ പ്രതീക്ഷയിൽ വിജയ പ്രതീക്ഷയിലാണ് എൽ ഡി എഫ്. സർക്കാരിന്റെ വികസന നേട്ടങ്ങളെയാണ് കൂടുതലായും പ്രചാരണ ആയുധമാക്കിയിരിക്കുന്നത്. പത്തനംതിട്ട ലോക്സഭാ മണ്ഡലങ്ങളിൽ ഉൾപ്പെട്ട എല്ലാ നിയമസഭാ മണ്ഡലങ്ങളും ഭരിക്കുന്നത് എൽ ഡി എഫ് ആണെന്നതും വിശ്വാസം വര്ധിപ്പിക്കുന്നുണ്ട്. അതേസമയം ശബരിമല വിഷയത്തിൽ നിന്നും മാറി കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങളെപ്പറ്റിയും ജനോപാകരപ്രദമായ പദ്ധതികളെ പറ്റിയും സംസ്ഥാന സർക്കാരിന്റെ അഴിമതിയുമാണ് ബിജെപി പ്രചാരണ ആയുധമാക്കിയിരിക്കുന്നത്. മൂന്നു മുന്നണികളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആവേശപ്പോരാട്ടത്തിലാണ്. മലയോര മേഖലകളിലെ ജനങ്ങളുടെ വിവിധ പ്രശ്‍നങ്ങളും അവയ്ക്ക് മൂന്നു മുന്നണികളും എടുത്തിട്ടുള്ള തീരുമാനങ്ങളും വോട്ടെടുപ്പിൽ പ്രതിഫലിച്ചേക്കും. റബ്ബർ കർഷകരുടെ പ്രശ്‍നങ്ങളും ഈ തെരഞ്ഞെടുപ്പിൽ പ്രധാന ചർച്ചാ വിഷയമാണ്. പത്തനംതിട്ടയുടെ ജനമനസ്സ് ആർക്കൊപ്പം വിധിയെഴുതുമെന്ന കാത്തിരിപ്പിലാണ് മുന്നണികൾ.