നാടിനെ നടുക്കിയ വാഹനാപകടം: കോട്ടയത്ത് ബൈക്ക് അപകടത്തിൽ 2 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം.


കോട്ടയം: കോട്ടയത്ത് ബൈക്ക് അപകടത്തിൽ 2 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. പാക്കിൽ ധർമശാസ്താ ക്ഷേത്രത്തിനു സമീപം പള്ളം പവർ ഹൗസ് ജംക്‌ഷനിൽ ഉണ്ടായ അപകടത്തിൽ പള്ളം മറ്റത്തിൽ ജോയലിന്റെയും ജിമയുടെയും മകൻ ജോഷ്വ ജോയൽ (16), മറിയപ്പള്ളി കൊച്ചുവടക്കത്ത് തോമസ് സെബാസ്റ്റ്യന്റെയും ഷൈനി തോമസിന്റെയും മകൻ അബിഗേൽ തോമസ് (17) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 4 മണിയോടെയാണ് അപകടം ഉണ്ടായത്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ടു റോഡിൽ മറിഞ്ഞ ശേഷം എതിരെ എത്തിയ മിനി പിക്ക് അപ്പ് വാനിൽ ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജോഷ്വ ജോയൽ സംഭവ സ്ഥലത്തു വെച്ച് തന്നെ മരണപ്പെട്ടിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അബിഗേലിനേയും മരണം കവർന്നെടുക്കുകയായിരുന്നു. ഇരുവരും സുഹൃത്തുക്കളായിരുന്നു. ബൈക്കിൻ്റെ ചെയിൻ പൊട്ടി റോഡിൽ വീണ ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. എംഡി സെമിനാരി സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിയായ ജോഷ്വാ ജോയലിൻ്റെ സംസ്കാരം ഇന്ന് വൈകുന്നേരം 4 ന് പാക്കിൽ സെൻ്റ് തെരേസാസ് ദേവാലയ സെമിത്തേരിയിൽ നടക്കും. അബിഗേലിന്റെ സംസ്കാരം പിന്നീട് നടക്കും. മറിയപ്പള്ളി ഗവ.ഹൈസ്കൂൾ വിദ്യാർഥിയായിരുന്നു അബിഗേൽ. ജോഷ്വാ ജോയലിൻ്റെ മൃതദേഹം ഉച്ചയ്ക്ക് ഒരു മണിക്ക് എം.ഡി സെമിനാരി ഹയർ സെക്കൻഡറി സ്കൂളിൽ പൊതുദർശനത്തിന് വയ്ക്കും.