ട്രെയിൻ യാത്രയ്ക്കിടെ കോട്ടയം സ്വദേശിനിയായ യുവതിയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി, ഹൃദയാഘാതമെന്ന് പ്രാഥമിക നിഗമനം, മരിച്ച നിലയിൽ കണ്ടെത്തിയത് വൈക


കോട്ടയം: ട്രെയിൻ യാത്രയ്ക്കിടെ കോട്ടയം സ്വദേശിനിയായ യുവതിയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം ആറാട്ടുകുളങ്ങര സ്വദേശിനിയും സാമൂഹ്യ പ്രവർത്തകയുമായ പാലക്കാട്ട് മഠത്തിൽ സുരജ എസ്. നായരെ(45)ട്രെയിനിലെ ശുചിമുറിയില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. ആലപ്പി- ധൻബാദ് എക്സ്പ്രസ്സിലെ ശുചിമുറിയിലാണ് തിങ്കളാഴ്ച പുലർച്ചെ സുരജയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒഡീഷയിലുള്ള സഹോദരി സുധയുടെ വീട്ടില്‍ പോയശേഷം തിരികെ ട്രെയിനില്‍ വൈക്കത്തേക്ക് വരികയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. പുലർച്ചെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ശുചിമുറിയിലേക്ക് പോകുകയായിരുന്നു എന്ന് സഹയാത്രികർ പറഞ്ഞു. ഏറെ നേരമായിട്ടും സുരജയെ കാണാതായതോടെ സഹയാത്രികർ നടത്തിയ അന്വേഷണത്തിൽ ശുചിമുറിയുടെ വാതിൽ അകത്തു നിന്നും പൂട്ടിയിരിക്കുന്നതായി കാണുകയും വിളിച്ചിട്ടു പ്രതികരണമില്ലാതായതോടെ റെയിൽവേ പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് ട്രെയിൻ തമിഴ്‌നാട്ടിലെ ജോലാര്‍പേട്ട സ്റ്റേഷനിൽ എത്തിയപ്പോൾ പോലീസ് എത്തി വാതിൽ തുറക്കുകയായിരുന്നു. ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭര്‍ത്താവ്: ജീവന്‍, അമ്മ: ലീലാമണി, സഹോദരി: സുധ. സംസ്‌കാരം പിന്നീട്. വൈക്കത്ത് സാമൂഹ്യ സേവന രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സുരജയുടെ വിയോഗത്തിന്റെ ഞെട്ടലിലാണ് നാട്.