കോട്ടയം: സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ലോകത്തിനുതന്നെ മാതൃകയാണെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. നബാർഡിൽ നിന്നുള്ള സഹായത്തോടെ അഞ്ചു കോടി രൂപ മുടക്കി നവീകരിക്കുന്ന കാഞ്ഞിരം- മലരിക്കൽ റോഡിന്റെ നിർമ്മാണോദ്ഘാടനം ഓൺലൈൻ ആയി നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിന്റെ വികസന മേഖലയിലുള്ള മുന്നേറ്റത്തിന്റെ പ്രധാന കാരണം പശ്ചാത്തല സൗകര്യങ്ങളിലെ വികസനമാണെന്നും എൽ.ഡി.എഫ് സർക്കാർ വന്നശേഷം അടിസ്ഥാന മേഖലയിൽ വൻ മാറ്റങ്ങൾ ഉണ്ടായെന്നും മന്ത്രി പറഞ്ഞു. കാഞ്ഞിരം മലരിക്കൽ റോഡ് യാഥാർത്ഥ്യമാകുമ്പോൾ ടൂറിസത്തിന്റെ അനന്ത സാധ്യതകളും തുറക്കുമെന്ന് കാഞ്ഞിരത്ത് നടന്ന ചടങ്ങിൽ അധ്യക്ഷത വഹിച്ച സഹകരണ- തുറമുഖം വകുപ്പ് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലെ പ്രധാന പാതകളെല്ലാം ബിഎം ആൻഡ് ബിസി നിലവാരത്തിൽ നിർമ്മിക്കാൻ സാധിച്ചെന്നും പഞ്ചായത്ത് റോഡുകൾ മാത്രമാണ് ഇനി ഈ നിലവാരത്തിൽ പൂർത്തീകരിക്കാൻ ഉള്ളതെന്നും മന്ത്രി പറഞ്ഞു. ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ ഏറ്റെടുത്ത വികസന പ്രവർത്തനങ്ങൾ എല്ലാം പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ത്രോബോൾ ടീമിലേക്ക് സെലക്ഷൻ കിട്ടിയ കാഞ്ഞിരം എസ്.എൻ.ഡി.പി ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളായ വി.എം ഹർദ്ദീൻ അഹമ്മദ് ,ആൽബിൻ ജെയിംസ്, ആസിഫ് നവാസ്, എം.ആർ വസുദേവ് , സംസ്ഥാന ടെന്നിക്കോട്ട് മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ ഹരി കൃഷ്‌ണൻ എന്നിവരെ ചടങ്ങിൽ മന്ത്രി ആദരിച്ചു. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തി.തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അജയൻ കെ.മേനോൻ , പഞ്ചായത്ത് വൈസ് പ്രസിഡന്റ് രശ്മി പ്രസാദ്, പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ സി.ടി രാജേഷ്, കെ.ആർ അജയ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എ.എം ബിന്നു, ഗ്രാമപഞ്ചായത്തംഗം ഒ.എസ് അനീഷ് കുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
കാഞ്ഞിരം- മലരിക്കൽ റോഡ് നവീകരണത്തിന് തുടക്കം.