മകളുടെ മരണത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ നിയമ വഴി തേടി മാതാപിതാക്കൾ, സ്‌കൂൾ അധികൃതർ വിവരങ്ങൾ മറച്ചു വെയ്ക്കുന്നു, മാതാപിതാക്കളുടെ സംശയത്തിന്റെ നിഴൽ


മണിമല: ബെംഗളൂരുവിൽ സ്‌കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് പരിക്കേറ്റു ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞ പ്രീ സ്‌കൂൾ വിദ്യാർത്ഥിനിയായ കോട്ടയം മണിമല സ്വദേശികളായ ദമ്പതികളുടെ മകൾ മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. സംഭവത്തിൽ മകളുടെ മരണത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ നിയമ വഴി തേടാനൊരുങ്ങുകയാണ് മാതാപിതാക്കളായ ജിറ്റോ ടോമി ജോസഫും ബിനിറ്റ തോമസും. പൊന്തൻപുഴ കുറുക്കൻപറമ്പിൽ ജിന്റോ ടോമി ജോസഫിന്റെയും ബിനിറ്റ തോമസിന്റെയും മകളും ബെംഗളൂരു ചെല്ലക്കരയിലെ ഡൽഹി പ്രീ സ്‌കൂൾ വിദ്യാർത്ഥിനിയുമായ ജിയന്ന ആൻ ജിന്റോ(4) ആണ് സ്‌കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെ മരിച്ചത്. മകളുടെ അപകടവുമായി ബന്ധപ്പെട്ട വിവരങ്ങൾ സ്‌കൂൾ അധികൃതർ മറച്ചു വെയ്ക്കുകയാണെന്നും ആദ്യം തങ്ങളോട് പറഞ്ഞ കാര്യങ്ങളല്ല പിന്നീട് പറഞ്ഞതെന്നും മാതാപിതാക്കൾ പറഞ്ഞു. വിദ്യാർത്ഥിനിയുടെ മരണത്തെ തുടർന്ന് സ്‌കൂൾ പ്രിൻസിപ്പൽ ചങ്ങനാശ്ശേരി സ്വദേശിയായ തോമസ് ചെറിയാൻ ഇപ്പോഴും ഒളിവിലാണ്. അതേസമയം മാതാപിതാക്കളുടെ സംശയത്തിന്റെ നിഴൽ നീളുന്നത് ആയയിലേക്ക് ആണ്. സ്‌കൂളിൽ ഉണ്ടായിരുന്ന ആയയെ വീട്ടിലും ഇവർ കുട്ടിയെ നോക്കുന്നതിനായി ജോലിക്ക് എടുത്തിരുന്നു. എന്നാൽ ഇവരുടെ പെരുമാറ്റവും വൃത്തിയില്ലായ്മയും മാതാപിതാക്കൾ പ്രിന്സിപ്പലിനോട് പരാതി പറഞ്ഞിരുന്നു. മാതാപിതാക്കൾ ഇരുവരും ജോലിക്കാരായിരുന്നതിനാൽ ഉച്ചക്ക് ശേഷം സ്‌കൂൾ സമയം കഴിഞ്ഞു വൈകിട്ട് വരെ കുട്ടിയെ നോക്കാനായി ആയയെ നിർത്താൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് സ്‌കൂളിൽ വിവരം പറഞ്ഞതോടെ പ്രിൻസിപ്പൽ തന്നെയാണ് സ്‌കൂളിലെ ആയയെ ഏർപ്പാടാക്കിയതെന്നും മാതാപിതാക്കൾ പറഞ്ഞു. ആയയെ പറ്റി പരാതി പറഞ്ഞത് ഇവർക്ക് കുട്ടിയോട് വൈരാഗ്യം തോന്നിയതാകാമെന്നും മാതാപിതാക്കൾ സംശയിക്കുന്നുണ്ട്. പിന്നീട് മറ്റൊരു ദിവസം വീട്ടിൽ നിന്നും ഫോൺ കാണാതെ ആയിരുന്നു. ഇത് പിന്നീട് സമീപ വീടിന്റെ തിണ്ണയിൽ നിന്നുമാണ് ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് ആയയോട് ചോദിച്ചപ്പോൾ കുട്ടി വലിച്ചു എറിഞ്ഞതാകാമെന്നാണ് പറഞ്ഞത്. എന്നാൽ കുഞ്ഞു കുട്ടിക്ക് അത്രയും ദൂരം വലിച്ചെറിയാൻ സാധിക്കില്ലെന്നും സി സി ടി വി ദൃശ്യങ്ങൾ നോക്കി ഫോൺ എടുത്തത് ആരാണെന്നും എങ്ങനെ അടുത്ത വീടിന്റെ തിണ്ണയിൽ എത്തിയെന്നും കണ്ടെത്തുമെന്ന് പറഞ്ഞതിന്റെ പിറ്റേ ദിവസമാണ് തങ്ങളുടെ കുട്ടിക്ക് അപകടം സംഭവിച്ചതെന്നും മാതാപിതാക്കൾ പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.  കുട്ടി ഛർദ്ധിച്ചതായും വേഗം എത്തണമെന്നുമാണ് ആദ്യം സ്‌കൂൾ അധികൃതർ മാതാപിതാക്കളെ അറിയിച്ചത്. എന്നാൽ പിന്നീട കുട്ടി കളിക്കുന്നതിനിടെ വീണതാണെന്നാണ് സ്‌കൂൾ അധികൃതർ പറഞ്ഞത്. എന്നാൽ കുട്ടിയുടെ ശരീരത്തിലെ പരിക്കുകൾ അങ്ങനെ അല്ലായിരുന്നു എന്നും മാതാപിതാക്കൾ പറഞ്ഞു. അപകടത്തിൽ കുട്ടിയുടെ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അതേസമയം സ്‌കൂൾ അധികൃതരുടെ വീഴ്ചയാണ് കുട്ടിക്ക് അപകടം സംഭവിക്കാൻ കാരണമെന്ന് മാതാപിതാക്കൾ ആരോപിച്ചു. കുട്ടിയെ നോക്കാൻ ആയമാരുണ്ടായിട്ടും കുട്ടി എങ്ങനെ സ്‌കൂൾ കെട്ടിടത്തിന്റെ മുകളിൽ എത്തി എന്നാണു മാതാപിതാക്കൾ ഉന്നയിക്കുന്ന ചോദ്യം. അപകടം സംഭവിച്ചിട്ടും തൊട്ടടുത്തുള്ള ക്ലിനിക്കിൽ മാത്രമാണ് എത്തിച്ചതെന്നും മാതാപിതാക്കൾ എത്തിയ ശേഷമാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും സമയം വൈകിയത് ആരോഗ്യനില കൂടുതൽ വഷളാക്കിയതായും മാതാപിതാക്കൾ പറഞ്ഞു. സംഭവം ഒതുക്കി തീർക്കാനാണ് സ്‌കൂൾ അധികൃതർ ശ്രമിക്കുന്നതെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും മാതാപിതാക്കൾ പറഞ്ഞു. അപകടത്തിനു പിന്നിൽ സ്കൂൾ അധികൃതർക്ക് പങ്കുണ്ടെന്നാണ് മാതാപിതാക്കള്‍ ആരോപിക്കുന്നത്. കുഞ്ഞിനെ നോക്കാൻ ചുമതല ഉണ്ടായിരുന്ന ആയ മോശമായി പെരുമാറിയിരുന്നുവെന്ന് മാതാപിതാക്കൾ പറയുന്നു. സ്കൂളിലെ ക്യാമറ പ്രവർത്തിക്കാത്തതിനാൽ ഈ ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഉയരത്തിൽ നിന്നും വീണതാണെന്ന ആശുപത്രി അധികൃതരുടെ നിഗമനത്തിനു മുൻപിൽ പിടിച്ചു നിൽക്കാൻ സാധിക്കാതെ വന്നതോടെയാണ് കുട്ടി സ്‌കൂളിന്റെ മുകളിൽ നിന്നും വീണതാണെന്നു സ്‌കൂൾ അധികൃതർ സമ്മതിച്ചത്. സ്‌കൂളിന്റെ മുകളിലെ നിലയിലേക്കു കയറണമെങ്കിൽ പൂട്ടിയിട്ടിരിക്കുന്ന വലിയൊരു ഗേറ്റ് കടന്നു വേണം കയറാൻ. 4 വയസ്സുള്ള മകൾക്ക് ഈ ഗേറ്റ് ഒറ്റക്ക് തുറന്നു കയറാൻ ആവില്ല. മറ്റൊരാളുടെ സഹായം ഇല്ലാതെ കുട്ടി സ്‌കൂളിന്റെ മുകൾ നിലയിൽ എത്തില്ലെന്നും മകളുടെ മരണത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ ഏതറ്റം വരെയും പോകുമെന്നും മാതാപിതാക്കൾ പറഞ്ഞു.