എരുമേലി: എരുമേലി ഗ്രാമപഞ്ചായത്തിലെ നാലാമത്തെ അക്ഷയ കേന്ദ്രം മുക്കൂട്ടുതറ ഇടകടത്തി അരുവിച്ചാംകുഴിയിൽ പ്രവർത്തനം ആരംഭിച്ചു. അക്ഷയ ഇ കേന്ദ്രത്തിന്റെ ഉത്‌ഘാടനം പൂഞ്ഞാർ എം.എൽ.എ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവ്വഹിച്ചു. എരുമേലിയുടെ മലയോര മേഘലകളിൽ നിന്നുള്ളവർക്ക് അക്ഷയ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന സേവനങ്ങൾക്കായി കിലോമീറ്ററുകളോളം സഞ്ചരിച്ചു എത്തേണ്ട അവസ്ഥയിലായിരുന്നു മുൻപ്. അരുവിച്ചാംകുഴിയിൽ അക്ഷയ കേന്ദ്രം പ്രവർത്തനം ആരംഭിച്ചതോടെ സർട്ടിഫിക്കറ്റുകൾക്കും സേവനങ്ങൾക്കുമായി ഇനി അധിക ദൂരം പോകാതെ വളരെ വേഗത്തിൽ തങ്ങളുടെ ആവശ്യങ്ങൾ നേടിയെടുക്കാൻ സാധിക്കും. കോട്ടയം ജില്ലയുടെ അതിർത്തി മേഖലയിൽ ആരംഭിച്ചിരിക്കുന്ന കേന്ദ്രത്തിലൂടെ എരുമേലി ഗ്രാമ പഞ്ചായത്തിലെ ജനങ്ങൾക്കൊപ്പം പത്തനംതിട്ട ജില്ലയിലെ റാന്നി-പെരുനാട് ഗ്രാമ പഞ്ചായത്തിലെ വാർഡുകൾക്കും വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്തിലെ വാർഡുകളിലെ ജനങ്ങൾക്കും സേവനങ്ങൾ വളരെ വേഗത്തിൽ ലഭ്യമാക്കാൻ സഹായിക്കും.
കേരള സർക്കാരിന്റെ അഭിമാന സംരംഭമായ അക്ഷയ പ്രോജെക്ട് 2002-ൽ ആണ് ആരംഭിക്കുന്നത്. തുടർന്ന് എല്ലാ ജില്ലകളിലും പഞ്ചായത്ത് അടിസ്ഥാനമാക്കി അക്ഷയ കേന്ദ്രങ്ങൾ അനുവദിച്ചു നൽകുകയായിരുന്നു. സർക്കാരിന്റെ ഡിജിറ്റൽ സാക്ഷരത പദ്ധതി എല്ലാ ജനങ്ങളിലേക്ക് എത്തിക്കുവാനും, ആധാർ എൻറോൾമെന്റ് പൂർത്തീകരണത്തിലും, സമ്പൂർണ ഡിജിറ്റൽ സംസ്‌ഥാനം എന്ന നേട്ടം കൈവരിക്കുന്നതിലും അക്ഷയ വഹിച്ച പങ്ക് ഗണ്യവും പ്രശംസനീയവുമാണ്. കേന്ദ്ര സംസ്‌ഥാന സർക്കാരുകളുടെ എല്ലാ ഓൺലൈൻ സേവനങ്ങൾ സമയബന്ധിതമായും സുതാര്യമായും പൊതുജനങ്ങളിലേക്ക് എത്തിക്കുവാൻ അക്ഷയ സെന്ററുകൾ സഹായിക്കുന്നു. സർക്കാർ ഓഫീസുകളിൽ നിന്നും ലഭ്യമായിരുന്ന സേവനങ്ങളും നിരവധി സർട്ടിഫിക്കറ്റുകളും ഇപ്പോൾ അക്ഷയ കേന്ദ്രങ്ങളിൽ നിന്നും ലഭ്യമാകും. സർക്കാർ സേവനങ്ങൾക്കപ്പം പോലീസ്,മോട്ടോർ വാഹന വകുപ്പ്, ജി എസ് ടി, ഇൻഷുറൻസ് തുടങ്ങി വിവിധങ്ങളായ മറ്റു സേവനങ്ങളും അക്ഷയ കേന്ദ്രങ്ങൾ വഴി ലഭ്യമാക്കുന്നുണ്ട്. സംരംഭകയായ അനിറ്റ് കെ ജോസഫിന്റെ നേതൃത്വത്തിൽ ആരംഭിച്ച സെന്ററിന്റെ ഉത്‌ഘാടന ചടങ്ങിൽ എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, വാർഡ് അംഗം ജിജി മോൾ സജി, വെച്ചൂച്ചിറ-പെരുനാട് ഗ്രാമ പഞ്ചായത്തിലെ വാർഡ് അംഗങ്ങൾ, രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക മേഖലകളിലെ നിരവധി പ്രമുഖരും അക്ഷയ ഉദ്യോഗസ്ഥരും പങ്കെടുത്തു.