മണ്ഡലകാലം അവസാനിക്കാൻ 9 ദിവസങ്ങൾ മാത്രം ബാക്കി, തീർത്ഥാടകത്തിരക്കിൽ എരുമേലി, പുലർച്ചെ മുതൽ ഗതാഗതക്കുരുക്ക്.


എരുമേലി: മണ്ഡലകാലം അവസാനിക്കാൻ 9 ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വീണ്ടും തീര്ഥാടകത്തിരക്കിലമർന്നു എരുമേലി. ഇന്ന് പുലർച്ചെ മുതൽ എരുമേലിയുടെ പ്രധാന പാതകളിലെല്ലാം ഗതാഗതക്കുരുക്ക് രൂക്ഷമാണ്.

 

 മണിക്കൂറുകൾ കാത്തു കിടന്ന ശേഷമാണ് തീർത്ഥാടകരുടെ വാഹനങ്ങൾ പാർക്കിങ് മൈതാനങ്ങളിൽ പ്രവേശിച്ചത്. കൂടുതൽ തീർത്ഥാടകരെത്തിത്തുടങ്ങിയതോടെ വീണ്ടും എരുമേലിയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുകയാണ്. കഴിഞ്ഞ ആഴ്ച ദിവസങ്ങളോളം എരുമേലിയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. കൂടുതൽ തീർത്ഥാടകർ എത്തിയതോടെ നിലയ്ക്കലിൽ പാർക്കിങ് സൗകര്യം ലഭ്യമല്ലാഞ്ഞതിനാൽ എരുമേലിയിൽ വാഹനങ്ങൾ തടഞ്ഞിട്ടിരുന്നു. തുടർന്ന് തീർത്ഥാടകരും പോലീസും തമ്മിൽ വാക്കേറ്റമുണ്ടാകുകയും തീർത്ഥാടകർ റോഡ് ഉപരോധിക്കുകയൂം ചെയ്തിരുന്നു. തുടർന്ന് വന്ന ദിവസങ്ങളിൽ തീർത്ഥാടകരുടെ എണ്ണം കുറഞ്ഞിരുന്നെങ്കിലും ഇന്ന് പുലർച്ചയോടെ വീണ്ടും തിരക്ക് വർദ്ധിക്കുകയായിരുന്നു. എരുമേലി-കാഞ്ഞിരപ്പള്ളി റോഡിലും എരുമേലി-മുണ്ടക്കയം റോഡിലും എരുമേലി-റാന്നി റോഡിലും ഗതാഗതക്കുരുക്കാണ്. സമാന്തരപാതകളായ കുറുവാമൂഴി ഓരുങ്കൽ കടവ് റോഡ് വഴി വാഹനങ്ങൾ കടത്തി വിടുന്നുണ്ട്. 

ഫയൽ ചിത്രം.

ചിത്രം: രാജേഷ്.